വക്കാലയിൽ "കാഴ്ച' വാട്സ്ആപ് കൂട്ടായ്മ നിർമിച്ച സ്നേഹവീട് കൈമാറി
1591672
Monday, September 15, 2025 1:10 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി വക്കാലയിൽ നിരാശ്രയരായ കുടുംബത്തിനായി കാഴ്ച വാട്സാപ്പ് കൂട്ടായ്മ നിർമിച്ച സ്നേഹഭവനം കൈമാറി. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ നിർമാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയ കെ. കൃഷ്ണൻകുട്ടി, കെ.ജെ. പൗലോസ്, ബൈജു കുഴിക്കാട്ടിൽ എന്നിവർ ചേർന്നാണ് കുടുംബത്തിന് താക്കോൽ കൈമാറിയത്. വിനോദ് ചടങ്ങിനെത്തിയ നാട്ടുകാരെ സ്വാഗതം ചെയ്തു.
സഹായിച്ചവർക്കെല്ലാം വാട്സാപ്പ് കൂട്ടായ്മയിലെ രമേഷ് നന്ദി പറഞ്ഞു. ഓമന ശിവരാമൻ ഇവരുടെ പതിമൂന്നും പതിനഞ്ചും വയസുള്ള പെൺമക്കളായ അപർണക്കും അനുപമക്കുമാണ് വീട് കൈമാറിയത്. വന്നവർക്കെല്ലാം ചെറിയ ചായ സൽക്കാരവുമുണ്ടായിരുന്നു. ഏതാനും മാസം മുമ്പാണ് ഇവരുടെ അച്ഛൻ ശിവരാമൻ പനി ബാധിച്ച് മരിച്ചത്.
റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ വരുമാനം നിലച്ച് നിത്യ ചെലവുകൾക്കു വഴിയില്ലാതായി. ഇതേ തുടർന്നാണ് കാഴ്ച വാട്സാപ്പ് കൂട്ടായ്മ ഇടപ്പെട്ട് വീട് നിർമാണത്തിന് മുന്നോട്ടുവന്നത്.
ടാർപോളിൻ കൊണ്ടുമൂടിയ കുടിലിലാണ് ഏറെ വർഷങ്ങളായി കുടുംബം കഴിഞ്ഞിരുന്നത്.