വോട്ടർപട്ടികയിലെ ആശങ്ക പരിഹരിക്കണം: കോൺഗ്രസ് ജില്ലാ നേതൃയോഗം
1592490
Thursday, September 18, 2025 1:16 AM IST
പാലക്കാട്: വോട്ടർപട്ടിക 2002 അടിസ്ഥാനമാക്കി സ്പെഷ്യൽ റിവിഷൻ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വോട്ടർമാരിൽ വളരെയധികം ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും ഇകറ്റുന്നതിന് ആവശ്യമായ നടപടികൾ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ജില്ലാ കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.
ബിഹാറിൽ നടത്തിയ സ്പെഷ്യൽ റിവിഷനിലൂടെ ലക്ഷകണക്കിന് ആളുകൾക്ക് വോട്ടവകാശം നഷ്ടമായതു പോലെ ഇവിടെയും സംഭവിക്കുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്. തിരക്കുപിടിച്ച നടപടികൾ സ്വീകരിക്കാതെ എല്ലാ രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്തി സാവകാശം നൽകി മാത്രമേ അന്തിമ പട്ടിക തയാറാക്കാവൂയെന്നും നേതൃയോഗം തെരെഞ്ഞെടുപ്പ് കമ്മിഷനോടാവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ അധ്യക്ഷതയിൽ നടന്ന യോഗം കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറിമാരായ സി. ചന്ദ്രൻ. കെ.എ.തുളസി, കെപിസിസി സെക്രട്ടറിമാരായ പി.വി. രാജേഷ്, പി. ഹരിഗോവിന്ദൻ, ജില്ലാ സെക്രട്ടറിമാരായ വി. രാമചന്ദ്രൻ, വി.കെ.പി. വിജയനുണ്ണി പ്രസംഗിച്ചു.