ജനപങ്കാളിത്തം അനിവാര്യമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ
1592485
Thursday, September 18, 2025 1:15 AM IST
വടക്കഞ്ചേരി: ആന ഉൾപ്പെടെയുള്ള വന്യജീവികൾ നാട്ടിൽ ഇറങ്ങുന്നതു നിയന്ത്രിക്കാൻ ഇനിയും വൈകിയാൽ ഭാവിയിൽ വലിയ വിപത്തുകളുണ്ടാക്കുമെന്ന് ആലത്തൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. സുബൈർ.
പീച്ചി വനാതിർത്തി പങ്കിടുന്ന കിഴക്കഞ്ചേരി പഞ്ചായത്തിൽ മനുഷ്യ വന്യമൃഗ സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിക്ക് തുടക്കം കുറിച്ച് പഞ്ചായത്തിൽ നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു റേഞ്ച് ഓഫീസർ.
വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ ശാശ്വത പരിഹാരമില്ല. ലഘൂകരിച്ചു നിർത്താൻ മാത്രമേ കഴിയു. എളുപ്പത്തിൽ തീറ്റ കിട്ടുന്ന സാഹചര്യം വനാതിർത്തിയിലുണ്ടെന്ന് കണ്ടാൽ പിന്നെ ആനകൾ കൂട്ടത്തോടെ നാട്ടിലെത്തും. ഇത് എല്ലാ ജീവികളുടെയും ഒരു സ്വാഭാവിക ആവാസ രീതിയാണ്. ഇതിനാൽ ആനകൾക്ക് ഇഷ്ടപ്പെടുന്നതും പെട്ടെന്ന് മണത്തറിയുന്നതുമായ കൃഷികൾ വനാതിർത്തികളിൽ ഒഴിവാക്കണം.
പാലക്കുഴി പൊന്മുടി മുതൽ കണ്ണമ്പ്ര പഞ്ചായത്തിൽപ്പെടുന്ന പോത്തുചാടി വരെയുള്ള 10 കിലോമീറ്റർ ദൂരം പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെ അതിർത്തി പ്രദേശങ്ങളാണ്. ഇതിനാൽ ജനപങ്കാളിത്തത്തോടെ മാത്രമേ വനാതിർത്തി സംരക്ഷണ നടപടികൾ വിജയത്തിലെത്തിക്കാനാകു.
കിഴക്കഞ്ചേരി പഞ്ചായത്തിലെ ഹെൽപ്പ് ഡെസ്കിൽ ലഭിച്ച 13 പരാതികളിൽ പതിമൂന്നും പന്നിശല്യത്തിന്റേതാണ്. ഇതു നിയന്ത്രിക്കാൻ പഞ്ചായത്തുമായി ആലോചിച്ചു നടപടി സ്വീകരിക്കുമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.
വനാതിർത്തിയിലെ വൈദ്യുതവേലിയുടെ അറ്റകുറ്റപ്പണികളുടെ കുറവാണ് കിഴക്കഞ്ചേരി മലയോരത്ത് പതിവായി ആനകൾ ഇറങ്ങാൻ കാരണമാകുന്നതെന്ന് പറഞ്ഞ റേഞ്ച് ഓഫീസർ പ്രശ്നം പരിഹരിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
പാലക്കുഴി റോഡിൽ പീച്ചി വനാതിർത്തി വരുന്ന പുല്ലംപരുത മുതൽ നാലര കിലോമീറ്റർ ദൂരം മുകളിലേക്ക് നിലവിലുള്ള വേലി പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം തൂക്കുവേലി കൂടി സ്ഥാപിക്കും. പ്രൈമറി റെസ്പോൺസ് ടീമിനെ പരിശീലനം നൽകി സജ്ജരാക്കുമെന്നും ആർആർടീമിന്റെ സേവനം ഉറപ്പാക്കുമെന്നും റേഞ്ച് ഓഫീസർ ഉറപ്പു നൽകിയിട്ടുണ്ട്.