ആലത്തൂർ ഗ്രാമപഞ്ചായത്തിന്റെ നിരീക്ഷണ കാമറകൾ നിശ്ചലമെന്നു പരാതി
1591939
Tuesday, September 16, 2025 12:21 AM IST
ആലത്തൂർ: ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വിവിധ പ്രദേശങ്ങളിൽ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു സ്ഥാപിച്ച നിരീക്ഷണ കാമറകൾ ഉപയോഗശൂന്യമെന്നു പരാതി .
ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി തൃപ്പാളൂർ ശശി, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മെംബർ ഷാഹിദ് ആലത്തൂർ എന്നിവരാണ് പരാതിയുമായി അധികൃതരെ സമീപിച്ചത് . ഇവർ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മോഷണങ്ങളും വേസ്റ്റ് ഇടുന്നതും തടയുവാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച നിരീക്ഷണ കാമറകളാണ് നോക്കുകുത്തിയായി മാറിയിരിക്കുന്നത്.
തൃപ്പാളൂർ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിന്റെ വിശദാംശങ്ങൾ ലഭിക്കുവാൻ കാമറകൾ പരിശോധിച്ചപ്പോഴാണ് ഇത് ബോധ്യമായതെന്ന് പരാതിക്കാർ പറഞ്ഞു. കാമറകൾ നന്നാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഐഎൻടിയുസി ജില്ലാ ജനറൽസെക്രട്ടറി തൃപ്പാളൂർ ശശി, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മെംബർ ഷാഹിദ് ആലത്തൂർ എന്നിവർ ആവശ്യപ്പെട്ടു.