ചിറ്റൂരിൽ എക്സൈസ് കോംപ്ലക്സ് നിർമാണം പുരോഗമിക്കുന്നു
1592491
Thursday, September 18, 2025 1:16 AM IST
ചിറ്റൂർ: ചിറ്റൂരിലെ പുതിയ എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടനിർമാണം പുരോഗമിക്കുന്നു. വിവിധ എക്സൈസ് ഓഫീസുകൾ ഒരുമിച്ച് പ്രവർത്തിക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപകല്പന.
2015-16 കേരള ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് പുതിയ എക്സൈസ് കെട്ടിടം നിർമാണം. 3.76 കോടി രൂപ വകയിരുത്തിയാണ് നിർമാണം ആരംഭിച്ചിരിക്കുന്നത്.
പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്ലോറും മൂന്ന് നിലകളിലുമായി ആധുനിക സൗകര്യങ്ങളോടു കൂടി 1450 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർമിക്കുന്നത്.
താഴത്തെ നിലയിൽ വാഹന പാർക്കിംഗ്, ലോബി, ലോഞ്ച്, ശൗചാലയങ്ങൾ, തൊണ്ടിമുതൽ സൂക്ഷിക്കാനുള്ള മുറി, ലിഫ്റ്റ്, പടിക്കെട്ടുകൾ എന്നിവയുണ്ടാകും.
ഒന്നാംനിലയിൽ റേഞ്ച് ഓഫീസിന് ആവശ്യമായ സൗകര്യങ്ങളും, ചെറിയ ലോക്കപ്പ് സൗകര്യവും ഒരുക്കും. രണ്ടാം നിലയിൽ ലോക്കപ്പ് സൗകര്യത്തോടുകൂടിയ എക്സൈസ് സർക്കിൾ ഓഫീസാണ് പ്രവർത്തിക്കുക. മൂന്നാം നിലയിൽ കോണ്‍ഫറൻസ് ഹാൾ, വെയിറ്റിംഗ് ലോഞ്ച്, ശൗചാലയങ്ങൾ എന്നിവ സജ്ജീകരിക്കും.