തത്തമംഗലത്ത് എട്ടര ക്വിന്റൽ അരി പിടിച്ചെടുത്തു
1227709
Thursday, October 6, 2022 12:30 AM IST
ചിറ്റൂർ: താലൂക്ക് സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ തത്തമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ രേഖകളുമില്ലാതെ അവശ്യ വസ്തുനിയമം ലംഘിച്ചുകൊണ്ട് 18 ചാക്കുകളിലായി കരിഞ്ചന്തയിൽ വില്പന നടത്തുന്നതിനായി പൂഴ്ത്തി വച്ചിരുന്ന 436 കിലോ കുത്തരി, 220 കിലോ പുഴുക്കലരി, 149 കിലോ പച്ചരി, 48 കിലോ ഗോതന്പ് എന്നിവ പിടിച്ചെടുത്തു. റേഷൻ കടകൾ വഴി വിതരണം നടത്തുന്ന അരി ഉപഭോക്താക്കൾ തന്നെ ഈ കടയിൽ വില്ക്കുന്നതാണെന്ന് ഗോഡൗണ്‍ ഉടമ മൊഴി നല്കി. ഇപ്രകാരം റേഷനരി വില്പന നടത്തുന്ന റേഷൻ കാർഡ് ഉടമകളുടെ വിവരം ശേഖരിച്ച് കാർഡ് മുൻഗണനാ വിഭാഗത്തിൽ നിന്ന് മാറ്റുന്നതിന് കർശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. റേഷനരി ശേഖരിക്കുന്നതിൽ നിന്ന് പിന്മാറാൻ വ്യാപാരികളും തയാറാവണമെന്നും താലൂക്ക് സപ്ലൈ ഓഫീസർ നിർദേശിച്ചു. പിടിച്ചെടുത്ത 853 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ മുതലമട എൻഎഫ്എസ്എ ഗോഡൗണിലേക്കു മാറ്റി.