പോത്തുണ്ടി ഡാം കനാലുകൾ വൃത്തിയാക്കൽ തുടങ്ങി
1243348
Saturday, November 26, 2022 12:27 AM IST
നെന്മാറ: പോത്തുണ്ടി ജലസേചന പദ്ധതിയുടെ ഇടതു വലതു പ്രധാന കനാലുകളും സബ് കനാലുകളും വൃത്തിയാക്കുന്ന ജോലി കരാറുകാർ ദ്രുതഗതിയിൽ ആരംഭിച്ചു.
കർഷകരുടെ നിരന്തരാവശ്യം പരിഗണിച്ച് തിങ്കളാഴ്ച മുതൽ ഭാഗികമായി കനാലുകളിലേക്ക് വെള്ളം വിട്ടു നല്കിയെങ്കിലും കനാലുകളിലെ തടസം മൂലം വെള്ളം പാടശേഖരങ്ങളിൽ എത്തിയിരുന്നില്ല. കനാലുകൾ വൃത്തിയാക്കുന്നതിന് നിയോഗിച്ച കരാറുകൾ യന്ത്രങ്ങൾ ഉപയോഗിച്ചാണ് കനാലുകൾക്ക് അകത്തുള്ള ചെടികളും വള്ളിപ്പടർപ്പുകളും വെട്ടിമാറ്റുന്നത്.
അതോടൊപ്പം സ്ത്രീതൊഴിലാളികളെ ഉപയോഗിച്ച് കനാലുകളിൽ വെട്ടിയിട്ട ചപ്പുചവറുകളും ചെടികളും എടുത്തുമാറ്റി വെള്ളം ഒഴുക്കിന് സൗകര്യം ഒരുക്കുന്നുണ്ട്.
പോത്തുണ്ടി ഇടതു പ്രധാന കനാലിൽ തളിപ്പാടം, നൂറം, ഭാഗങ്ങളിൽ വെള്ളം എത്തിത്തുടങ്ങി. അടിപ്പരണ്ട ഭാഗത്തേക്കുള്ള കൽച്ചാടി ബ്രാഞ്ച് കനാലും വൃത്തിയാക്കുന്ന ജോലി പുരോഗമിക്കുന്നു.
രണ്ടുദിവസത്തിനുള്ളിൽ അയിലൂർ, നെന്മാറ ഭാഗങ്ങളിലും വെള്ളം എത്തുമെന്ന് ജലസേചന വിഭാഗം അധികൃതർ അറിയിച്ചു. വെള്ളം ഒഴുകുന്ന കനാലുകളിലെയും ഷട്ടറുകളിലെയും തടസങ്ങൾ നീക്കുന്നതിനും വാലറ്റം വരെ വെള്ളം എത്തിക്കുന്നതിനും ചുമതലപ്പെടുത്തിയ കരാറുകൾ ഇതിനായി പ്രത്യേകം തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്.
ബ്രാഞ്ച് കനാലുകളിൽ നിന്ന് കൃഷിസ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന ഫീൽഡ് കനാലുകൾ കർഷകർ തന്നെയാണ് വൃത്തിയാക്കുന്നത്.