കെഎസ്ആർടിസി ഡ്രൈവർ സുമേഷിന് കരാട്ടെയിൽ രാജ്യാന്തര ബഹുമതി
1244697
Thursday, December 1, 2022 12:43 AM IST
വടക്കഞ്ചേരി: കെഎസ്ആർടിസി ഡ്രൈവർ കിഴക്കഞ്ചേരി സ്വദേശി സുമേഷ് കൃഷ്ണന് കരാട്ടെയിൽ രാജ്യാന്തര ബഹുമതി.
ഇന്റർനാഷണൽ ഒളിന്പിക്സ് കമ്മിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വേൾഡ് കരാട്ടെ ഫെഡറേഷന്റെ ആറാമത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയാണ് സുമേഷ് പുതിയ അംഗീകാരത്തിനർഹനായത്.
പാലക്കാട് ജില്ലയിൽ നിന്നും ഈ അംഗീകാരം ലഭിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് കഐസ്ആർടിസി വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറായ സുമേഷ്.
കേരളത്തിൽ തന്നെ ഇതിനുമുന്പ് നാല് പേർക്ക് മാത്രമാണ് ആറാമത്തെ ഡിഗ്രി ബ്ലാക്ക് ബെൽറ്റ് ലഭിച്ചിട്ടുള്ളത്.
നിരവധി തവണ ജപ്പാനിൽ പോയി കരാട്ടെയിൽ പരിശീലനം നേടിയിട്ടുള്ള സുമേഷ് കരാട്ടെയിലെ മാസ്റ്റർ ഓഫ് മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന കരാട്ടെ ചാന്പ്യൻഷിപ്പിൽ കേരള അസോസിയേഷൻ ഭാരവാഹികളായ ഹാൻഷി രാംദയാൽ ഹാൻഷി അരവിന്ദാക്ഷൻ, വേൾഡ് കരാട്ടെ ഫെഡറേഷൻ റഫറിയും കരാട്ടെ കേരള അസോസിയേഷന്റെ ചെയർമാനുമായ ഡോ.എസ്. ഷാജി കൊട്ടാരം എന്നിവരിൽ നിന്നാണ് അംഗീകാരം ഏറ്റുവാങ്ങിയത്.
കരാട്ടയുടെ ദേശീയ സംഘടനയായ കരാട്ടെ ഇന്ത്യ ഓർഗനൈസേഷന്റെ അസോസിയേറ്റ് മെന്പർ കൂടിയാണ് ഷിഹാൻ സുമേഷ്. കരാട്ടെ കുടുംബമാണ് സുമേഷിന്റെത്.
കിഴക്കഞ്ചേരി കുണ്ടുകാട് കരാട്ടെ പരിശീലന കേന്ദ്രം നടത്തുന്നത് ഭാര്യ സന്ധ്യയാണ്. വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിൽ പഠിക്കുന്ന മക്കൾ വൈഗയും വൈഭവും കരാട്ടെയിൽ സംസ്ഥാന ദേശീയ അംഗീകാരങ്ങൾ വാരിക്കൂട്ടുന്നവരാണ്.
ലഹരിക്ക് അടിമപ്പെടാതെ യുവതലമുറകളെ നയിക്കാൻ കരാട്ടെ ഏറ്റവും നല്ല മാർഗമാണെന്ന് സുമേഷ് പറയുന്നു.
ഒപ്പം ആരോഗ്യമുള്ള മനസും ശരീരവും നിലനിർത്താൻ കഴിയും. സ്കൂൾ ഗെയിംസ് മുതൽ ഒളിന്പിക്സിൽ വരെ കരാട്ടെ മത്സരങ്ങൾ ഉള്ളതിനാൽ കരാട്ടെയ്ക്ക് ഇന്ന് വലിയ പ്രാധാന്യമുണ്ടെന്നും സുമേഷ് പറഞ്ഞു.