കെഎസ്ആർടിസിക്കു വഴികൊടുക്കാതെ കെഎസ്ആർടിസി ഡ്രൈവർ!
1244701
Thursday, December 1, 2022 12:44 AM IST
നെന്മാറ : കെസ്ആർടിസി ബസിനു വഴികൊടുക്കാതെ ബൈക്കിൽ അതിസാഹസിക യാത്രയുമായി മറ്റൊരു കെഎസ്ആർടിസി ഡ്രൈവർ. ഒടുവിൽ നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് ബസ് സുഗമമായി യാത്ര തുടർന്നത്.
വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറായ ശശികുമാറാണ് സാഹസിക ബൈക്ക് യാത്ര നടത്തിയത്. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. നെന്മാറയിൽ നിന്ന് കരിന്പാറയിലേക്കു പോകുന്ന വഴി പേഴുംപാറയിൽ നിന്ന് കരിന്പാറ വരെയുള്ള നാലു കിലോമീറ്റർ ദൂരമാണ് ഇദ്ദേഹം ബസിന് വഴികൊടുക്കാതെ പാതയുടെ നടുവിലൂടെ ബൈക്ക് ഓടിച്ചത്. ഇടുങ്ങിയ വഴിയിൽ നിരവധി തവണ ബസ് ഹോണ്‍ മുഴക്കിയെങ്കിലും ഇദ്ദേഹം വഴികൊടുക്കാൻ തയാറായില്ല.
പിന്നീട് കരിന്പാറയിൽ വച്ച് പ്രദേശവാസികളും ബസ് യാത്രക്കാരും ചേർന്ന് ഇദ്ദേഹത്തെ തടയുകയായിരുന്നു. പ്രദേശവാസികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ ഇദ്ദേഹം ബൈക്ക് ഓടിച്ചുപോയി. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.