ഗുരുമുഖത്തുനിന്നും പഠിക്കാത്ത അച്ഛന്റെ ശിക്ഷണത്തില് മകന് ഒന്നാംസ്ഥാനം
1244998
Friday, December 2, 2022 12:24 AM IST
ഒറ്റപ്പാലം: "അച്ഛനാരാ മോൻ'... അച്ഛനാണ് ഗുരു, മകൻ ശിഷ്യനും. കേട്ട് പഠിച്ച പാഠക ചിട്ടകൾ മകനേയഭ്യസിപ്പിച്ച് വിജയം വരിച്ച പിതാവിന്റെയും മകന്റെയും വ്യത്യസ്തമായൊരു കഥയാണ് ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പാഠക മത്സരത്തിന്റെ കണ്ടത്.
ഹൈസ്കൂൾ വിഭാഗം പാഠക മത്സരത്തിൽ പാലക്കാട് ഭാരത് മാതാ സ്കൂളിലെ അബി. കെ. ദാമോദരനാണ് ഒന്നാം സ്ഥാനം നേടിയത്.
12 പേരാണ് ക്ഷേത്രകലയായ ഈ മത്സരത്തിന് ഉണ്ടായിരുന്നത്. സീതാ അപഹരണത്തിനു ശേഷം രാവണനരുത്തേക്ക് ദൂത് പോകാൻ യോഗ്യൻ മാരായവരാരെല്ലാമാണെന്ന് രാമൻ പറയുന്ന കഥാസന്ദർഭമാണ് പരന്പരാഗത സന്പ്രദായങ്ങൾക്ക് കോട്ടം തട്ടാതെ അഭി വേദിയിൽ അവതരിപ്പിച്ചത്.
അംഗതന്റെ ദൂത് ആയിരുന്നു ഇതിവൃത്തം. കൂത്തോ, കൂടിയാട്ടമോ, പാഠമോ അഭ്യസിക്കാത്ത കഐൻ. ദാമോദരനാണ് മകനെ പാഠകം അഭ്യസിപ്പിച്ച് വിജയിക്കിരീടം ചൂടിച്ചത്.
ഇദ്ദേഹം തൃശൂരിൽ ബ്രാഹ്മണ മഠത്തിൽ വേദങ്ങൾ അഭ്യസിക്കുന്ന സമയത്ത് പാഠകം കാണുകയും കേൾക്കുകയും ചെയ്തിരുന്നതിന്റെ പിൻബലത്തിലാണ് മകനെ മത്സരത്തിന് പര്യാപ്തനാക്കിയത്.
ഗുരുമുഖത്ത് നിന്ന് ഒന്നും പഠിക്കാത്ത ദാമോദരന്റെ ശിക്ഷണം മകന് നേടിക്കൊടുത്തത് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം.
പൂജാദി കർമ്മങ്ങൾ നടത്തി ഉപജീവനം കണ്ടെത്തുന്ന ദാമോദരൻ കൂത്ത്, കൂടിയാട്ടം, പാഠകം എന്നിവയെ സസൂക്ഷ്മം നിരീക്ഷിക്കുന്ന സ്വഭാവ സവിശേഷതയ്ക്കുടമയാണ്.
ഇതാണ് ഈ ഇനത്തിൽ മകനെ ശിഷ്യനാക്കി മത്സരിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കണ്ടും കേട്ടും പഠിച്ച വിദ്യയെ മകനിലൂടെ സാർത്ഥകമാക്കിയതിന്റെ ചാരിതാർഥ്യത്തിലാണ് ദാമോദരൻ.
പാലക്കാട് ശേഖരിപുരം നിവാസിയായ ദാമോദരന്റെയും മെഡിക്കൽ റപ്പായ പ്രവിതയുടെയും രണ്ടാമത്തെ മകനാണ് അബി.