പുനരാവിഷ്കൃത വിള ഇൻഷ്വറൻസ്: 27 ഇനം വിളകൾക്കു പരിരക്ഷ
1247199
Friday, December 9, 2022 1:00 AM IST
പാലക്കാട് : സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നേരിട്ട് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് പുനരാവിഷ്കൃത സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി.
വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം/ഭൂകന്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഇൻഷ്വറൻസ് അധിഷ്ഠിതമായി നഷ്ടപരിഹാരം നൽകുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.
പദ്ധതി പ്രകാരം നെല്ല്, വാഴ, മരച്ചീനി, കുരുമുളക്, മഞ്ഞൾ, കവുങ്ങ്, പച്ചക്കറികളായ പടവലം, പാവൽ, പയർ, കുന്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് തുടങ്ങിയ 27 ഇനം വിളകൾക്കാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക. നെൽകൃഷിക്ക് രോഗകീടബാധ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും പദ്ധതിയുടെ സംരക്ഷണം ലഭിക്കും. രോഗകീടബാധ കൃഷിഭവനിൽ അറിയിച്ച് വേണ്ട നടപടികൾ എടുത്തതിനുശേഷവും നഷ്ടമുണ്ടായാൽ മാത്രമേ നഷ്ടപരിഹാര തുകയ്ക്ക് അർഹതയുണ്ടാകു.
അപേക്ഷ പോർട്ടൽ മുഖേന
കൃഷിഭവനുകൾ മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ അംഗമാകാൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ എയിംസ് പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. പ്രീമിയം തുക അടച്ച ദിവസം മുതൽ ഏഴു ദിവസങ്ങൾക്ക് ശേഷം ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
നെൽകൃഷിയിൽ ഗ്രൂപ്പ് ഫാർമിംഗ് നിലവിലുള്ള പാടശേഖരങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലോ വ്യക്തിഗത അടിസ്ഥാനത്തിലോ ചേരാം. വിളകൾക്കുണ്ടാകുന്ന പൂർണ നാശത്തിനു മാത്രമേ ഇൻഷ്വറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടാകൂ.
നഷ്ടപരിഹാരം ഇങ്ങനെ
നെൽകൃഷിക്ക് സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി അനുസരിച്ച് നഷ്ടപരിഹാരം കണക്കാക്കുന്പോൾ 50 ശതമാനത്തിലധികം നാശനഷ്ടം ഉണ്ടായാൽ അത് പൂർണനാശനഷ്ടമായി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കും. ഇഞ്ചി, മഞ്ഞൾ, നിലക്കടല, എള്ള്, പച്ചക്കറികൾ, പയർ വർഗങ്ങൾ, മരച്ചീനി, മറ്റ് കിഴങ്ങ് വർഗങ്ങൾ, ഏലം, വെറ്റില എന്നീ വിളകൾക്ക് ഇൻഷ്വറൻസ് ചെയ്ത് വിസ്തൃതിയുടെ കുറഞ്ഞത് 10 ശതമാനം നാശനഷ്ടമുണ്ടായാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ.
കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലപരിശോധനയ്ക്ക് എത്തുന്നതുവരെ നാശനഷ്ടം സംഭവിച്ച വിള അതേപടി നിലനിർത്തണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുകളിൽ ലഭിക്കും.
അപേക്ഷ നൽകേണ്ടവിധം
പ്രകൃതിക്ഷോഭം/വന്യമൃഗങ്ങളുടെ ആക്രമണം കാരണമുള്ള വിളനാശം സംഭവിച്ച് 15 ദിവസത്തിനകം അപേക്ഷിക്കണം. അഞ്ചുദിവസത്തിനകം ഫീൽഡ് വെരിഫിക്കേഷൻ പൂർത്തിയാക്കി ക്ലെയിമിന്റെ സ്വഭാവം അനുസരിച്ച് പരമാവധി മൂന്നുമാസത്തിനകം ആനുകൂല്യം ലഭിക്കും. പ്രകൃതിക്ഷോഭം കാരണം വിളനാശത്തിന് ആനുകൂല്യം ലഭ്യമാകുന്നതിന് എയിംസ് പോർട്ടൽ മുഖേന വിളനാശം സംഭവിച്ച് 10 ദിവസത്തിനകം അപേക്ഷ നൽകണം. അപേക്ഷാ ഫീസില്ല.