വിസ്മൃതിയിൽ തീപ്പെട്ടിക്കന്പനികൾ; ഒറ്റപ്പാലത്തെ വിളിച്ചുണര്‌ത്തിയ സൈറൺ വിളികളും..!
Friday, December 9, 2022 1:01 AM IST
ഒ​റ്റ​പ്പാ​ലം : ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ ത​ന​തു വ്യ​വ​സാ​യ​വും വ​രു​മാ​ന മാ​ർ​ഗ​വു​മാ​യി​രു​ന്ന തീ​പ്പെ​ട്ടി ക​ന്പ​നി​ക​ൾ​ക്കു വം​ശ​നാ​ശം. ഒ​രു​കാ​ല​ത്ത് ഏ​റ്റ​വും അ​ധി​കം തീ​പ്പെ​ട്ടി ക​ന്പ​നി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന ഒ​റ്റ​പ്പാ​ലം മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ തീ​പ്പെ​ട്ടി ക​ന്പ​നി​ക​ൾ ഇ​ല്ല എ​ന്നു​ത​ന്നെ പ​റ​യാം.
ല​ക്കി​ടി തീ​പ്പെ​ട്ടി ക​ന്പ​നി​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നി​രു​ന്ന സൈ​റ​ണ്‍ വി​ളി കേ​ട്ടാ​ണ് ഒ​രു​കാ​ല​ത്ത് ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ പ്ര​ഭാ​ത പ്ര​ദോ​ഷ​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. വി​ല​യി​ടി​വും ക​യ​റ്റു​മ​തി നി​ല​ച്ച​തു​മാ​ണ് പ​ര​ന്പ​രാ​ഗ​ത​മാ​യ ഈ ​വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലേ​ക്കു ത​ള്ളി​വി​ട്ട​ത്.
തീ​പ്പെ​ട്ടി​ക്കൊ​ള്ളി​ക​ൾ നി​ർ​മി​ച്ചു മ​രു​ന്നു നി​റ​യ്ക്കു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​നി​ക​ളി​ലേ​ക്കു ക​യ​റ്റി അ​യ​യ്ക്കു​ന്ന യൂ​ണി​റ്റു​ക​ൾ പ​ല​തും അ​ട​ച്ചു​പൂ​ട്ടി. നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രി​ട്ടു ജോ​ലി ന​ല്കു​ന്ന വ്യ​വ​സാ​യ​മാ​യി​രു​ന്നു ഇ​ത്.
ത​മി​ഴ്നാ​ട്ടി​ൽ തീ​പ്പെ​ട്ടി​ക്ക് വി​ല കു​റ​ഞ്ഞ​തോ​ടെ​യാ​ണു ഇ​വി​ട​ത്തെ കൊ​ള്ളി നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. കോ​വി​ഡി​നു ശേ​ഷം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി കൂ​ടി കു​റ​ഞ്ഞ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ തീ​പ്പെ​ട്ടി​യു​ടെ വി​ല പ​കു​തി​യാ​യി. ഇ​തി​നു പി​ന്നാ​ലെ ഇ​വി​ടു​ന്നു​ള്ള തീ​പ്പെ​ട്ടി​കൊ​ള്ളി ക​യ​റ്റു​മ​തി​യും പ​കു​തി​യാ​യി കു​റ​ഞ്ഞു.

വി​ല വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​നി​ക​ൾ സ​മ​രം തു​ട​ങ്ങി​യ​തോ​ടെ ഇ​വി​ടു​ത്തെ കൊ​ള്ളി നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ തീ​ർ​ത്തും നി​ശ്ച​ല​മാ​യി. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ർ​മി​ച്ചി​രു​ന്ന കൊ​ള്ളി​ക​ൾ ത​മി​ഴ്നാ​ട്ടി​ലെ ശി​വ​കാ​ശി, കോ​വി​ൽ​പ്പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ന്പ​നി​ക​ളി​ലേ​ക്കാ​ണു പ്ര​ധാ​ന​മാ​യും ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത്.


തീ​പ്പെ​ട്ടി​ക്കൊ​ള്ളി​ക്കൊ​പ്പം യൂ​ണി​റ്റു​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന പെ​ട്ടി നി​ർ​മാ​ണം പ​ണ്ടേ നി​ല​ച്ചി​രു​ന്നു. ക​ട​ലാ​സ് നി​ർ​മി​ത പെ​ട്ടി​ക​ൾ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ ത​മി​ഴ്നാ​ട്ടി​ൽ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണു മ​ര​ത്തി​ൽ നി​ർ​മി​ച്ചി​രു​ന്ന പെ​ട്ടി​ക​ളു​ടെ വി​പ​ണി ഇ​ടി​ഞ്ഞ​ത്. ക​ഴി​ഞ്ഞ അഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും കൊ​ള്ളി​ക​ൾ മാ​ത്ര​മാ​ണു നി​ർ​മി​ക്കു​ന്ന​ത്. നേ​ര​ത്തെ കൊ​ള്ളി​ക​ൾ നി​ർ​മി​ച്ചി​രു​ന്ന മി​ക്ക കേ​ന്ദ്ര​ങ്ങ​ളി​ലും പെ​ട്ടി​ക​ൾ കൂ​ടി ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്നു. ഇ​വ ര​ണ്ടും ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​നി​ക​ളി​ലേ​ക്കു ക​യ​റ്റി അ​യ​ച്ചാ​ണു മ​രു​ന്ന് നി​റ​ച്ചു വി​പ​ണി​യി​ലെ​ത്തി​യി​രു​ന്ന​ത്. പെ​ട്ടി​യും കൊ​ള്ളി​യും നി​ർ​മി​ക്കു​ന്ന യൂ​ണി​റ്റു​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ സ​ജീ​വ​മാ​യ​തും ഇ​വി​ടു​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി​യാ​യി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​രു​ന്ന തീ​പ്പെ​ട്ടി​ക​ളാ​ണ് ഇ​പ്പോ​ൾ പ​ല പേ​രു​ക​ളി​ലും ഇ​വി​ടെ വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്.