പോഷകാഹാര കിറ്റ് വിതരണവും ബോധവത്കരണ ക്ലാസും
1262977
Sunday, January 29, 2023 12:48 AM IST
പാലക്കാട് : അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയുടെയും നേതൃത്വത്തിൽ അട്ടപ്പാടിയിലെ അരിവാൾ രോഗബാധിതർക്ക് പോഷകാഹാര കിറ്റ് വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ആരോഗ്യവകുപ്പിന്റെ കീഴിൽ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള 113 പേർക്കാണ് കിറ്റ് വിതരണം ചെയ്തത്.
റാഗിപ്പൊടി, ശർക്കര, മുതിര, ഈന്തപ്പഴം, വെളിച്ചെണ്ണ, നെയ്യ്, നുറുക്ക് ഗോതന്പ്, ചെറുപയർ, പൊട്ടുകടല, സോയാബീൻ അടങ്ങിയ കിറ്റാണ് നൽകിയത്. ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗബാധിതർക്ക് ആവശ്യമായ മരുന്ന്, ലാബ് സൗകര്യങ്ങൾ ഒരുക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് മുസ്തഫ അറിയിച്ചു.
ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറൻസ് ഹാളിൽ നടന്ന ബോധവത്കരണ ക്ലാസ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം ഷാജു അധ്യക്ഷനായി.
ഡോ. സംഗീത, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. കാളിസ്വാമി, ഡയറ്റീഷ്യൻ അസ്ന, നിജമുദ്ദീൻ, കോട്ടത്തറ ആശുപത്രി ക്ലാർക് സന്ദീപ് എന്നിവർ പങ്കെടുത്തു.