കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി ഏറ്റെടുത്ത മുന്നൂറ് ഏക്കറോളം ഭൂമിയിൽ തീപിടുത്ത ഭീഷണി
1263276
Monday, January 30, 2023 12:46 AM IST
വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി ഏറ്റെടുത്ത 300 ഏക്കറോളം ഭൂമിയിലെ പൊന്തക്കാടുകളും പുല്ലും ഉണങ്ങി തീപിടുത്ത ഭീഷണിയിൽ.
ആളൊഴിഞ്ഞ വീടുകൾ സാമൂഹ്യവിരുദ്ധരും മദ്യപൻമാാരും തവളമാക്കുന്നതിനു പിന്നാലെയാണ് പ്രദേശം കാടുമൂടി കിടക്കുന്നത്. പൊന്തകാടുകളിൽ പന്നി കൂട്ടങ്ങളും നിറഞ്ഞിട്ടുണ്ട്.
രാപകൽ വ്യത്യാസമില്ലാതെ പന്നിക്കൂട്ടങ്ങൾ റോഡുകൾക്ക് കുറുകെ പാഞ്ഞ് അപകടങ്ങളും നിത്യസംഭവമായി.
പാന്പും മറ്റു ഇഴജന്തുക്കളുമായി സമീപവാസികളുടെ സ്വൈര്യ ജീവിതവും അവതാളത്തിലാണ്. പൊന്തക്കാടുകൾക്ക് മുകളിലൂടെ പലയിടത്തും വൈദ്യുതി ലൈനുകൾ പോകുന്നുണ്ട്. കാറ്റടിക്കുന്പോൾ കന്പികൾ കൂട്ടിമുട്ടി തീപ്പൊരി വീണ് തീപിടുത്തത്തിനും അത് കാരണമാകും. രണ്ട് നിലകളിലുള്ള വലിയ വീടുകളും റബർ, തെങ്ങ് തോട്ടങ്ങളുമൊക്കെയാണ് ഇവിടെ നാഥനില്ലാത്ത വിധമായിട്ടുള്ളത്.
ഏതാനും വീട്ടുകാരുടെ പുനരധിവാസം സംബന്ധിച്ച പ്രശ്നങ്ങളാണ് പദ്ധതിയുടെ നടപടികൾ വൈകാൻ കാരണമെന്ന് പറയുന്നു.
2016 ലാണ് വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ സർക്കാർ ആരംഭിച്ചത്.കാർഷിക വിളകൾ നിറഞ്ഞു നിന്നിരുന്ന ഭൂമി ഇനി തരം മാറ്റി വ്യവസായങ്ങൾക്കായി രൂപപ്പെടുത്തേണ്ടതുണ്ട്.
ഏറ്റെടുത്ത ഭൂമിയിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം.