കാൽനട മേൽപ്പാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു, പരാതിയുമായി പള്ളം നിവാസികൾ
1263611
Tuesday, January 31, 2023 12:51 AM IST
ഒറ്റപ്പാലം : യാത്രാദുരിതം പേറി കഴിയുന്ന പള്ളം നിവാസികൾ കാൽനട മേൽപ്പാലത്തിന് വേണ്ടി അനന്തമായി കാത്തിരിക്കുന്നു. മേൽപ്പാലം വന്നാലല്ലാതെ പള്ളത്തുകാരുടെ യാത്രാദുരിതത്തിന് അറുതിയാവില്ല. ഒരുവശത്ത് റെയിൽവേസ്റ്റേഷനും മറുവശത്ത് ഭാരതപ്പുഴയും രണ്ടിന്റെയും ഇടയിലാണ് പള്ളം നിവാസികൾ കഴിയുന്നത്.
പള്ളം പ്രദേശത്ത് താമസിക്കുന്നവരുടെ യാത്രാദുരിതം ഏറെയാണ് പുഴയ്ക്കും റെയിൽവേ സ്റ്റേഷനുമിടയിലായതിനാൽ ഇവിടേക്ക് വഴിയില്ലെന്നതാണ് പ്രദേശവാസികളെ കുഴയ്ക്കുന്ന മുഖ്യ പ്രശ്നം. പാളം മുറിച്ചുകടന്നാണ് ഇവിടത്തുകാർ പള്ളം ഭാഗത്തേക്ക് പോകുന്നത്. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനറ്റത്ത് ഒരു കാൽനട മേൽപ്പാലം വന്നാൽ അത് പള്ളത്തുകാർക്ക് ഏറെ ഗുണകരമാകും.
ഒപ്പം യാത്രക്കാർക്ക് പാളം മുറിച്ചുകടക്കാതെ മേല്പാലത്തിലൂടെ അപ്പുറംകടക്കാനും സാധിക്കും. പള്ളത്ത് ഏകദേശം 100 കുടുംബമാണ് താമസിക്കുന്നത്. വഴിയില്ലാത്തതിനാൽ ഇവിടത്തെ കിടപ്പുരോഗികളെ ആശുപത്രിയിലെത്തിക്കാൻ പ്രദേശവാസികൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. രണ്ട് പ്രളയമുണ്ടായപ്പോൾ ഭാരതപ്പുഴയിൽ നിന്ന് വെള്ളം കയറുന്ന പ്രശ്നമുണ്ടായി.
വഴിയില്ലാത്ത പ്രശ്നത്തിനൊപ്പം വെള്ളംകയറുന്ന പ്രശ്നംകൂടിവന്നതോടെ പലരും വീടൊഴിഞ്ഞുപോയി. ഇതിനിടെ പള്ളത്തുകാർ പാളംമുറിച്ചുകടക്കുന്ന സ്ഥലത്ത് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാൻ റെയിൽവേ മതിൽകെട്ടാൻ പദ്ധതിയുമിട്ടു.
അന്ന് രാഷ്ട്രീയപ്രതിരോധത്തെ ത്തുടർന്നാണ് റെയിൽവേ ആ പദ്ധതിയിൽ നിന്ന് പിൻമാറിയത്. ഇവിടെ കാൽനട മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം നാട്ടുകാർ റെയിൽവേയ്ക്കുമുന്നിൽ അവതരിപ്പിച്ചിരുന്നു. ഒറ്റപ്പാലം സ്റ്റേഷനിൽ പ്രവേശനകവാടത്തിന് സമീപത്താണ് മേല്പാലമുള്ളത്. ലിഫ്റ്റ് സൗകര്യവുമുണ്ട്. മറ്റിടങ്ങളിൽനിന്നെല്ലാം പ്ലാറ്റ്ഫോം മറികടക്കണമെങ്കിൽ പാളംമുറിച്ചുകടക്കണമെന്നതാണ് സ്ഥിതി. ഒരു മേല്പാലംകൂടി നിർമിച്ചാൽ യാത്രക്കാർക്ക് പ്ലാറ്റ്ഫോം മുറിച്ചുകടക്കാനും ഗുണകരമാകും. മേൽക്കൂരകളുടെ നിർമാണത്തിനൊപ്പം മേൽപാലംകൂടി നിർമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.