ചിറ്റൂർ ബ്ലോക്ക് പരിധി കൃഷിയിടങ്ങളിൽ ഓലകരിച്ചിൽ: കാർഷിക വിദഗ്ധർ സ്ഥലം സന്ദർശിച്ചു
1263834
Wednesday, February 1, 2023 12:30 AM IST
ചിറ്റൂർ: നെൽകൃഷിയിൽ ഓല കരിച്ചിലും മഞ്ഞളിപ്പിന്റെയും വ്യാപനം നിയന്ത്രണാതീതമായതിനാൽ പട്ടാന്പി റീജണൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നു മൾട്ടി ഡിസ്പ്ലനറി ഡയഗ്നോസ്റ്റിക് ടീം (എംഡി ഡിടി) സന്ദർശനം നടത്തി. കൃഷി അസി.പ്രഫസർ മാരായ സുംബല, മാലിനി, പെരുമാട്ടി അസി. കൃഷി ഓഫീസർ അനിലി, കൃഷി അസിസ്റ്റന്റ് സബീന, ആർ.ഷീജ, പെസ്റ്റ് സ്കൗട്ട് സി.ദീപ്തി, പൊൽപുള്ളി കൃഷി ഓഫീസർ എ.സുഹൈന, കൃഷി അസി. വി.ഷീല, എന്നിവരടങ്ങുന്ന സംഘമാണ് വിവിധ കൃഷിയിടങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ബാക്ടീരിയൽ ഓല കരിച്ചിലാണെന്ന് സ്ഥിരീകരിച്ചു. ശേഷം നിയന്ത്രണമാർഗങ്ങളായി സ്ട്രെപ്റ്റോസൈക്ലിൻ 40 ഗ്രാം ഒരേക്കറിന് തളിക്കണം. ചാണകം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തെളിയെടുത്ത് അരിച്ച് സ്പ്രെ ചെയ്യനും, ബ്ലിച്ചിംഗ് പൗഡർ ഒരേക്കറിന് 2 കിലോ വീതം ചെറിയ തുണികളിൽ കിഴികളാക്കി നെൽപ്പാടത്ത് വെള്ളമൊഴുക്കുന്ന നീർച്ചാലുകളിൽ ഇടാനും നിർദേശിച്ചു.
വരും സീസണുകളിൽ വിത്ത് പരിചരണം മുതൽ തന്നെ സൂഡോമോണസ് ഉപയോഗിക്കുകയാണെങ്കിൽ ഒരു പരിധി വരെ ഓലകരിച്ചൽ തടയാൻ കഴിയുമെന്നു ശാസ്ത്രജ്ഞർ പറഞ്ഞു.