പ്ലാച്ചിമട നഷ്ടപരിഹാരം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
1264142
Thursday, February 2, 2023 12:33 AM IST
പാലക്കാട്: കൊക്കകോള കന്പനി പ്ലാച്ചിമടയിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ രൂപീകരിക്കുന്ന വിഷയം വീണ്ടും സജീവമാകുന്നു. വിഷയത്തിൽ മുഖ്യമന്ത്രി വിവിധ വകുപ്പ് തലവന്മാരുടെ യോഗം വിളിച്ചുചേർക്കും. 16ന് തിരുവനന്തപുരത്താണ് യോഗം.
2011ൽ വിഎസ് സർക്കാരിന്റെ കാലത്ത് സംസ്ഥാന നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ രാഷ്ട്രപതി ഒപ്പിടാതെ 2015ൽ മടക്കി അയച്ചിരുന്നു. അടുത്തിടെ പ്ലാച്ചിമട സന്ദർശിച്ച കർഷക നേതാവ് രാകേഷ് ടിക്കായത്ത് ട്രൈബ്യൂണൽ രൂപീകരണ നടപടി ഉൗർജിതമാക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ 16ന് ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.