മദ്യപിക്കാൻ പണം നൽകാത്തതിന് യുവാവിന്റെ വിരലൊടിച്ച പ്രതികൾ പിടിയിൽ
1264451
Friday, February 3, 2023 12:29 AM IST
പാലക്കാട്: മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിന് യുവാവിനെ ക്രൂരമായി മർദിച്ച് വിരലൊടിച്ച കേസിൽ മൂന്നുപേരെ ടൗണ്‍ സൗത്ത് ഇൻസ്പെക്ടർ ടി. ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ്, ഷെറിൻ, കുന്നത്തൂർമേട് സ്വദേശി അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. കുന്നത്തൂർമേട് സ്വദേശി അനൂപിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. 31ന് രാത്രി ഒന്‍പതരയോടെ അനൂപിനെ കുന്നത്തൂർമേട് വായനശാലയ്ക്ക് സമീപം തടഞ്ഞുനിർത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. നൽകാതെ പോയ അനൂപിനെ വീട്ടിൽക്കയറി കത്തി, ഇരുന്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഇരുന്പ് പൈപ്പ് ഉപയോഗിച്ച് ഒന്നാം പ്രതിയുടെ അടിയിലാണ് മോതിരവിരൽ ഒടിഞ്ഞത്. അനൂപിന്റെ അനുജനും നിസാര പരിക്കേറ്റു. ബൈജുവിന് കഞ്ചാവ്, പിടിച്ചുപറി തുടങ്ങി 12 ഓളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.