പി.എസ്. ശിവദാസിന് ആദരം ഇന്ന്
1265931
Wednesday, February 8, 2023 1:05 AM IST
വണ്ടിത്താവളം: തുടർച്ചയായി 35 വർഷം പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിസന്റ് സ്ഥാനം വഹിച്ചു വന്ന പി.എസ് ശിവദാസിന് ഇന്ന് മുൻമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആദരിക്കും.
ചിറ്റൂർ പാലാഴി ഓഡിറ്റോറിയത്തിൽ വൈകുന്നേരം മൂന്നിന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, മുൻ എംഎൽഎ കെ. അച്യുതൻ ഉൾപ്പെടെ കോണ്ഗ്രസ് ഭാരവാഹികളും പങ്കെടുക്കും.
പി.എസ്. ശിവദാസ് തന്റെ നിഷ്പക്ഷതയിലൂടെയാണ് എതിർ രാഷ്ട്രീയക്കാർക്കിടയിലും ശ്രദ്ധേയനാകുന്നത്.
എസ് എസ് എൽസി. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1977 ലാണ് കോണ്ഗ്രസ് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയത്. 1988 ഫെബ്രുവരി 8 ന് പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻറ് പദത്തിലെത്തി.
പട്ടഞ്ചേരി കന്നിമാരി വാർഡിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ കന്നി വിജയതിലകമണിഞ്ഞത്. പിന്നീട് തോൽവിയറിയാതെ രാഷ്ട്രീയ ജൈത്രയാത്ര തുടരുകയാണ്.
അന്നത്തെ പ്രസിഡൻറ് മരണപ്പെട്ടതോടെ ശിവദാസ് തലപ്പാവിൽ പ്രസിഡന്റ് പദവി തേടിയെത്തി. പിന്നീട് എട്ടുവർഷക്കാലം പ്രസിഡന്റായിരുന്നു.
പട്ടഞ്ചേരി പഞ്ചായത്ത് വനിത സംവരണത്തിലുൾപ്പെട്ടതോടെ ശിവദാസ് വീണ്ടും വൈസ് പ്രസിഡന്റായി. 2001 ൽ പ്രസിഡന്റും 2005 ൽ വീണ്ടും ഉപാധ്യക്ഷനുമായി. 2010 ൽ വീണ്ടും അധ്യക്ഷൻ, 2015 ൽ വൈസ് പ്രസിഡന്റുമായി.
2021 ൽ ജില്ലയിലുടനീളം ഇടതുതരംഗം തുത്തുവാരിയെങ്കിലും പട്ടഞ്ചേരിയിൽ പി.എസ്.ശിവദാസ് ചരിത്ര വിജയം നിലനിർത്തി വീണ്ടും പ്രസിഡന്റായി തുടരുകയാണ്.
പഞ്ചായത്ത് ഭരണത്തിനു പുറമെ ഇദ്ദേഹം അഞ്ചുവർഷം പട്ടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായും പിന്നീട് തുടർച്ചയായി ഇരുപതു വർഷം ബാങ്ക് പ്രസിഡന്റുമായിട്ടുണ്ട്. 20 വർഷം ചിറ്റൂർ പ്രാഥമിക കാർഷിക വികസന ബാങ്ക് പ്രസിഡൻറായും സ്ഥാനം വഹിച്ചിട്ടുണ്ട്. മൂലത്തറ സർവീസ് സഹകരണ ബാങ്ക് മനേജർ പി.ജി. പ്രീതയാണ് ഭാര്യ.
നീതുദാസ് (ഫിസിയോ തെറാപിസ്റ്റ് , നമിതാ ദാസ് ( എൽ എൽ ബി വിദ്യാർഥിനി ), എസ്. നന്ദനാ ഭാസ് (ബി.എസ് സി വിദ്യാർഥിനി ) എന്നിവർ മക്കളാണ്.