യൂത്ത് കോണ്ഗ്രസ് ജില്ലാ സമ്മേളനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
1278780
Sunday, March 19, 2023 12:05 AM IST
പാലക്കാട്: യൂത്ത് കോണ്ഗ്രസ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം നാലിനു ശേഷം റാലിയും പൊതുസമ്മേളനവും നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
സമ്മേളനത്തിന് എത്തുന്ന കൊല്ലംകോട്, നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി, തൃത്താല, പട്ടാന്പി, ഷൊർണൂർ, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ വിക്ടോറിയ കോളജ് പരിസരത്ത് പ്രവർത്തകരെ ഇറക്കി കോട്ടമൈതാനത്തിന് തെക്കുവശത്തുള്ള കളക്ടറേറ്റ് റോഡിൽ പാർക്ക് ചെയ്യണം. മണ്ണാർക്കാട്, മുണ്ടൂർ, കോങ്ങാട്, ചെർപ്പുളശേരി, ശ്രീകൃഷ്ണപുരം, മലന്പുഴ, ചിറ്റൂർ പ്രദേശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ വിക്ടോറിയ കോളജ് പരിസരത്ത് പ്രവർത്തകരെ ഇറക്കി സ്റ്റേഡിയം ബൈപാസ് റോഡിൽ പാർക്ക് ചെയ്യണം.
അഞ്ചുമണിക്ക് കോട്ടമൈതാനത്ത് വെച്ചാണ് പൊതുസമ്മേളനം. റാലി കടന്നു പോകുന്ന വിക്ടോറിയ കോളജ് മുതൽ കോട്ടമൈതാനം വരെ റോഡിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും.
പാലക്കാട്-പൊന്നാനി റോഡിൽ പറളി പാലം, പറളി റെയിൽവേ മേൽപാലം എന്നിവക്ക് മുകളിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ പറളി ചന്തപുര മുതൽ മങ്കര ജംഗ്ഷൻ വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയറുടെ അറിയിപ്പുണ്ടായിരുന്നു.
ആ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 12 നു മുന്പ് തീരുമെന്നും, സമ്മേളനത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രയാസം വരില്ലെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചതായി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു അറിയിച്ചു.