സൂര്യതാപത്തിനെതിരെ ബോധവത്കരണവുമായി ഫയർഫോഴ്സും സിവിൽ ഡിഫൻസും
1279831
Wednesday, March 22, 2023 12:47 AM IST
ഷൊർണൂർ: ജില്ലയിൽ ചൂട് അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ ഷൊർണ്ണൂർ ഫയർഫോഴ്സും സിവിൽ ഡിഫൻസും ചേർന്ന് ജനങ്ങൾക്ക് ബോധവത്കരണം നല്കി.
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, കുളപ്പുള്ളി ജംഗ്ഷൻ, കൂനത്തറ, മനിശേരി, വാണിയംകുളം, കണ്ണിയന്പുറം, ഒറ്റപ്പാലം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ബോധവത്കരണ പരിപാടി നടത്തിയത്.
സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അധികൃതർ നിർദേശിച്ചു. ഇതു പ്രകാരം തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ പകൽ 11 മണിക്കും മൂന്ന് മണിക്കും ഇടയിൽ ജോലി ചെയ്യാതെ സമയം പുനക്രമീകരിക്കുകയും ഇളം നിറത്തിലും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങൾ ധരിക്കുക, വെള്ളം ധാരാളം കുടിക്കുക, ഇലകറികൾ, പഴങ്ങൾ, പച്ചക്കറികൾ മുതലായവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക, മത്സ്യ മാംസാഹാരങ്ങൾ എരിവുള്ള ഭക്ഷണം എന്നിവയുടെ ഉപയോഗം പരമാവതി കുറക്കുക എന്നീ കാര്യങ്ങൾ നിർദേശിച്ചു.
ചായ, കാപ്പി കൃത്രിമ ശീതളപാനീയങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുകയും മദ്യം, പുകയില മുതലായ ലഹരിവസ്തുക്കളുടെ ഉപയോഗം കുറക്കുകയും വേണം.
തുറസായ സ്ഥലങ്ങളിലുള്ള കളികൾ കായിക പരിശീലനം വിനോദങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കൂടാതെ പകൽ സമയത്ത് പുറത്ത് ഇറങ്ങുന്നവർ സൂര്യാഘാതമേൽക്കാതെ നോക്കണം.
പനിയോ വിട്ടുമാറാത്ത ക്ഷീണമോ തോന്നിയാൽ ഉടൻ വൈദ്യ സഹായം തേടുകയും ചെയ്യണം. തുറസായ സ്ഥലങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയും വളർത്ത് മൃഗങ്ങളെയും തനിച്ചാക്കി പോകാതിരിക്കണമെന്നും ആരോഗ്യവകുപ്പധികൃതർ നിർദേശിച്ചു.