മലന്പുഴ വെള്ളം: മലകളൊരുക്കുന്ന പുണ്യം
1279835
Wednesday, March 22, 2023 12:49 AM IST
ജോസ് ചാലയ്ക്കൽ
മലന്പുഴ : മലയും പുഴയും ചേർന്ന മലന്പുഴയിൽ നിന്നും കുടിവെള്ളത്തിനും കൃഷിക്കുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം നടന്നുവരുന്നു.
വളരെ വിസ്തൃതമായി കിടക്കുന്ന അകമലവാരം മലമുകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന തോടുകളും ചെറുപുഴകളും ചേർന്നാണ് മുക്കൈ പുഴയായി കൽപ്പാത്തിപ്പുഴയായി അങ്ങിനെ ഭാരതപ്പുഴയിൽ ചെന്നുചേരുന്നത്.
കൊല്ലംകുന്ന് ചെറുപുഴ, മൈലാടിപ്പുഴ, മായപ്പാറ, കൊച്ചിത്തോട്, കല്ലന്പുഴ, ഒന്നാം പുഴ ഇവയെല്ലാം സംഗമിച്ചാണ് മുക്കൈ പുഴയായി മാറുന്നത്. മലകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന ജലം സംഭരിച്ച് കൃഷി ആവശ്യത്തിന് വിതരണം ചെയ്യാൻ 1949 ൽ ഡാം പണി ആരംഭിച്ചു.
1955ൽ അന്നത്തെ മദിരാശി മുഖ്യമന്ത്രി ആയിരുന്ന കാമരാജാണ് ഉദ്ഘാടനം ചെയ്തത്. അഞ്ചരകോടി രൂപയായിരുന്നു ഡാമിന്റെ നിർമാണത്തിന് ചെലവായത്.
ഈ ഡാമിൽ നിന്നും രണ്ടു കനാലുകളാണ് ഒഴുകുന്നത്. വലിയ കനാൽ കല്ലേപ്പുഴ വഴിയും ചെറിയ കനാൽ ശാസ്താ നഗർ തുടങ്ങി ഒഴുകി കുത്തന്നൂർ വരെ എത്തുന്നു.
ഈ പ്രദേശങ്ങളിലെ കൃഷി ആവശ്യത്തിനുള്ള വെള്ളം അങ്ങനെയാണ് ലഭിക്കുന്നത്. ഡാമിൽ നിന്നും വൈദ്യുതി ഉല്പാദനവും നടക്കുന്നുണ്ട്. ഇതിലെ വെള്ളവും പുഴയിലേക്ക് തന്നെ ഒഴുകുന്നു.
ഡാമിൽ നിന്നും വെള്ളം എടുത്ത് ശുദ്ധീകരിച്ച് വാട്ടർ അതോറിറ്റി കുടിവെള്ളം നല്കുന്നു. പരിസരത്തെ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും ആവശ്യമായ കുടിവെള്ളം പന്പ് ചെയ്യുന്നതും മലന്പുഴയിൽ നിന്നാണ്.
മലയും പുഴയും ചേർന്നത് എന്ന് അർത്ഥം വരുന്നതാണ് മലന്പുഴ. ഡാം പണിയാൻ തമിഴ്നാട്ടിൽ നിന്നും എത്തിയ പണിക്കാർക്ക് താമസിക്കുന്നതിന് വേണ്ടി ഇവിടെ അവർക്ക് ക്വാർട്ടേഴ്സുകൾ പണിത് നല്കിയിട്ടുണ്ട്.
എസ്പി ലൈൻ എന്നാണ് പറയുക. ഇപ്പോഴും അവിടെ ഡാം പണിക്കാരുടെ സന്തതി പരന്പരകൾ താമസിക്കുന്നുണ്ട്.