അധ്യാപകർ തമ്മിൽ സ്പർധ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ
1281185
Sunday, March 26, 2023 6:49 AM IST
പാലക്കാട്: ഒരേ സ്കൂളിലെ അധ്യാപകർ തമ്മിൽ സ്പർധ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. വ്യക്തി വൈരാഗ്യം വച്ചു പുലർത്താതെ പരസ്പര ബഹുമാനത്തോടെ പെരുമാറണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ സമന്വയത്തിലൂടെ പരിഹരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.
ഒറ്റപ്പാലം വരോട് കെ.പി.എസ്. മേനോൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി. പ്രിൻസിപ്പലും മാനേജരും അധ്യാപകരും ചേർന്ന് തന്നെ മാനസികമായി തളർത്തുകയാണെന്നാണ് പരാതി.
പ്രിൻസിപ്പലിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതി പരിഹരിക്കാൻ ഹയർസെക്കൻഡറി വിഭാഗം ജോയിന്റ് ഡയറക്ടർ സ്കൂൾ സന്ദർശിച്ചെന്നും വനിതാ കമ്മീഷനും പിടിഎ യും വിഷയത്തിൽ ഇടപെട്ടെന്നും പറയുന്നു.
2022 ജൂണ്‍ 2 ന് പിടിഎ എടുത്ത തീരുമാനങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരിക്ക് സമാധാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം സംജാതമാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.