ബഫർ സോണ്‍ ഭീഷണിയിൽ തടിമില്ലുകാർക്ക് കൊയ്ത്ത്
1281475
Monday, March 27, 2023 1:00 AM IST
മംഗലംഡാം: ബഫർ സോണ്‍ ഭീഷണിയിൽ തടി മില്ലുകാർക്കെല്ലാം കൊയ്ത്ത് കാലമാണിപ്പോൾ. നിയമങ്ങൾ കടുപ്പിക്കും എന്ന ആശങ്കയിൽ ഭാവി ജീവിതത്തിന് തുണയാകേണ്ടതെല്ലാം കിട്ടിയ വിലക്ക് വിറ്റ് എവിടെക്കെങ്കിലും രക്ഷപ്പെടാനുള്ള തത്രപ്പാടുകളിലാണ് പലരും.
തടി വില്പന തന്നെയാണ് ഇതിൽ മുന്നിൽ. കിട്ടിയ വിലക്ക് തടി വിൽക്കാൻ തയാറായി നിൽക്കുന്നതിനാൽ നാമാത്ര വില നൽകിയാണ് മില്ലുകാർ തടി വാങ്ങി കുന്നുകൂട്ടുന്നത്. ആധാരമുള്ള ഭൂമിയിൽ നിന്നും തടി മുറിക്കാനുള്ള പാസ് എടുത്ത് അതിന്റെ മറവിൽ മംഗലംഡാം മേഖലയിൽ കാട്ടിൽ നിന്നു വരെ തടി കടത്ത് നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. 4000 രൂപക്ക് സ്വകാര്യ വ്യക്തിയുടെ തടി വാങ്ങി പിന്നീട് മുറിച്ചുകടത്തിയത് നാല് ലക്ഷം രൂപയുടെ തടിയായെന്നാണ് പറയുന്നത്. വനം വകുപ്പിന്റെ ജണ്ടനിർമ്മാണം നടക്കുന്ന ഭാഗങ്ങളിലാണ് ഇത്തരം തടിമുറി നടക്കുന്നത്.
ഇതിനാൽ അറിഞ്ഞില്ലെന്ന് പറഞ്ഞ് വനവകുപ്പിനും ഒഴിഞ്ഞുമാറാനാകില്ല. പല മില്ലുകാരും തടി സൂക്ഷിക്കൻ സ്ഥലമില്ലാതെ ഒഴിഞ്ഞ പറന്പുകളും സ്ഥലങ്ങളും വാടകയ്ക്ക് എടുത്തും വഴിയോരങ്ങളിലുമെല്ലാം തടി കൂട്ടിയിടുകയാണ്.