കോയന്പത്തൂർ: സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഇഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിലും ജില്ലാ കളക്ടർ ക്രാന്തികുമാർ പാടി പരിശോധന നടത്തി. കോയന്പത്തൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ആശുപത്രി കാന്പസിൽ ജപ്പാൻ ഇന്റർനാഷണലിന്റെ സഹായത്തോടെ 110.90 കോടി രൂപ ചെലവിലാണ് ആശുപത്രി കെട്ടിടം പണിയുന്നത്. 250 കിടക്കകളും 12 ഓപ്പറേഷൻ തിയേറ്ററുകളും ആധുനിക ലബോറട്ടറികളുമുണ്ടാകും. ജില്ലാ കളക്ടർ ക്രാന്തികുമാർ ബാഡി പ്രവൃത്തികൾ നേരിട്ടു പരിശോധിച്ച് വേഗം പൂർത്തിയാക്കാൻ നിർദേശിച്ചു. മഴക്കാലത്ത് ആശുപത്രി കവാടത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് തടയാൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.ഇഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാ യൂണിറ്റുകൾ സന്ദർശിച്ച അദ്ദേഹം വിദ്യാർഥികളുടെ ഹോസ്റ്റലിനും കോളജിനു പുറകുവശത്തും ചുറ്റുമതിൽ നിർമിക്കുന്നതു സംബന്ധിച്ച് ആശുപത്രി പ്രിൻസിപ്പലിനോട് ചോദിച്ചറിഞ്ഞു.