തത്തേങ്ങലം കുടിവെള്ള പദ്ധതിയിൽ അഴിമതി : സിപിഎം
1283391
Sunday, April 2, 2023 12:22 AM IST
മണ്ണാർക്കാട് : എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ മുടക്കി തത്തേങ്ങലത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിയിൽ അഴിമതി ആരോപണവുമായി യുഡിഎഫ്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴേക്കും വെള്ളം ലഭിക്കാത്ത അവസ്ഥയ്ക്കു കാരണം നിർമാണ പ്രവൃത്തിയിലെ അഴിമതിയാണെന്ന് സിപിഎം തത്തേങ്ങലം ബ്രാഞ്ച് കമ്മിറ്റി പറഞ്ഞു.
നിർമാണ പ്രവർത്തിയിലെ അഴിമതി പുറത്തു കൊണ്ടുവരാൻ വിജിലൻസിന് പരാതി നല്കാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും ബ്രാഞ്ച് സെക്രട്ടറി ബിനീഷ് പൂവത്തിങ്കൽ, അംഗങ്ങളായ യൂസഫ്, ഇബ്രാഹീം എന്നിവർ പറഞ്ഞു.
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ ചെയ്യേണ്ട പ്രവർത്തിയുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെയാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയിട്ടുള്ളതൊന്നും ഇവർ ആരോപിക്കുന്നു.
ടെൻഡർ ക്ഷണിക്കുന്നതിന് പകരം കമ്മിറ്റി കൂടി പദ്ധതി നടപ്പിലാക്കുകയാണ് ചെയ്തിട്ടുള്ളത്. കിണർ കുഴിച്ചപ്പോൾ അടിയിൽ പാറ കണ്ടു.
പിന്നീട് കിണർ താഴ്ത്തുന്നതിന് പകരം എസ്റ്റിമേറ്റിൽ പറഞ്ഞിട്ടുള്ള ഉയരത്തിനായി റിങ്ങുകൾ വാർത്ത് ഉയർത്തുകയാണ് ചെയ്തതെന്നും ഇവർ ആരോപിച്ചു. ഇനി ഉപഭോക്താക്കൾക്ക് വെള്ളം ലഭിക്കണമെങ്കിൽ കിണറിലെ പാറ പൊട്ടിച്ച് താഴ്ത്തണം. ഇതിനുള്ള നടപടിയാണ് വേണ്ടതെന്നും നേതാക്കൾ പറഞ്ഞു.