യാത്രക്കാർക്ക് ഭീഷണിയായി ടിപ്പർ ലോറികൾ
1283393
Sunday, April 2, 2023 12:22 AM IST
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തച്ചന്പാറ, ചൂരിയോട്, ചിറക്കൽപടി പ്രദേശങ്ങളിൽ മണ്ണുനിറച്ച ടിപ്പറുകൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ മൂടാതെ കൊണ്ടുപോകുന്നത് അപകടഭീഷണി.
ടിപ്പറിൽ മണ്ണ് തുറന്നിട്ട് കൊണ്ടുപോകുന്നത് കാരണം ബസ് യാത്രക്കാരുടെയും കാൽനട സഞ്ചാരികളുടെയും കണ്ണിൽ മണ്ണ് പെട്ട് അലർജി സംബന്ധമായ രോഗങ്ങളും വരുന്നതിനാൽ വലിയ ബുദ്ധിമുട്ടിലാണ് യാത്രക്കാർ. ബൈക്കിൽ യാത്ര ചെയ്യുന്നവരിൽ പലരുടെയും കണ്ണിൽ മണ്ണ് പെടുന്നത് മൂലം ചിലർ സമീപത്തു തന്നെ വണ്ടി നിർത്തുകയും ചിലർ മണ്ണുമായി പോകുന്ന വാഹനത്തെ മറികടക്കാൻ വേണ്ടി അതിവേഗതയിൽ പോകുകയും ചെയ്യുന്നു. നിരന്തരമായി ഇത്തരത്തിൽ വാഹനങ്ങൾ മണ്ണുമായി പോകുന്നുണ്ടെങ്കിലും അധികാരികൾ വേണ്ട നടപടി എടുക്കുന്നില്ല.
ടാർപായ ഉപയോഗിച്ച് മൂടിവേണം മണ്ണ്, കരിങ്കല്ല,് വെട്ടുകല്ല് എന്നിവ കൊണ്ടുപോകാൻ. എന്നാൽ യാതൊരുവിധ സുരക്ഷാ മാർഗവും ഉപയോഗിക്കാതെയാണ് ടിപ്പർ ലോറിക്കാർ ഓടുന്നത്.
ഇത്തരം വാഹനങ്ങളിൽ സുരക്ഷ സംവിധാനങ്ങൾ പാലിക്കണമെന്ന അധികൃതരുടെ നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് ടിപ്പർ പോലുള്ള വാഹനങ്ങൾ പായുന്നത്.