താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുമോ?
1300494
Tuesday, June 6, 2023 12:36 AM IST
ഒറ്റപ്പാലം : താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ താളം തെറ്റുമെന്ന ആശങ്കയുയരുന്നു. ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റമാണ് ആശുപത്രി പ്രവർത്തനങ്ങൾക്ക് ഭീഷണിയാവുമെന്ന ആശങ്കയുയരാൻ കാരണം.
വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ കൂട്ടസ്ഥലം മാറ്റത്തിലൂടെ താലൂക്ക് ആശുപത്രിയിൽ ഇഎൻടി ഡോക്ടറുടെതടക്കമുള്ള സേവനങ്ങളാണ് ഇല്ലാതാകുമെന്ന് ആശങ്കയുയർന്നത്. താലൂക്ക് ആശുപത്രിയിൽ നിന്ന് എട്ട് ഡോക്ടർമാരാണ് സ്ഥലംമാറി പോകുന്നത്. ഇതിൽ രണ്ടു ഡോക്ടർമാർ ഇഎൻടി വിഭാഗത്തിലാണുള്ളത്.
ഇരുവരും അത്യാഹിതവിഭാഗം മെഡിക്കൽ ഓഫീസർമാരായതിനാൽ ഇവർക്കു പകരം വരുന്ന ഡോക്ടർമാർ ഏതു വിഭാഗത്തിൽപ്പെട്ടവരുമാകാമെന്നതും പ്രതിസന്ധി സൃഷ്ടിക്കും.
താലൂക്ക് ആശുപത്രിയിൽ രേഖകൾ പ്രകാരം ഇവരെക്കൂടാതെ ഒരു ഇഎൻടി ഡോക്ടറുണ്ട്. എന്നാൽ ജോലിക്രമീകരണഭാഗമായി ഈ ഡോക്ടർ ജില്ലാ ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്.
കഴിഞ്ഞ ഒന്പതുവർഷമായി ഈ വിഭാഗത്തിലെ ഡോക്ടറെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നിട്ടില്ല.
ആശുപത്രി വികസനസമിതിയിലും താലൂക്ക് വികസനസമിതിയിലും ഡോക്ടറെ തിരിച്ചുകൊണ്ടുവരാൻ നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല.
ഇഎൻടി ഡോക്ടർമാർക്ക് പുറമേ മറ്റൊരു അത്യാഹിതവിഭാഗം മെഡിക്കൽ ഓഫീസറായ ശിശുരോഗവിദഗ്ധ കെ.അഖിലയടക്കം മൂന്നുപേർക്ക് ഇതുവരെയായി പകരം നിയമനോത്തരവിറങ്ങിയിട്ടില്ല.
ഇഎൻടി ഡോക്ടർമാരെ അന്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കും കൊണ്ടാഴി ആരോഗ്യകേന്ദ്രത്തിലേക്കുമാണ് മാറ്റി ഉത്തരവിറങ്ങിയിട്ടുള്ളത്. ശിശുരോഗവിദഗ്ധയ്ക്ക് വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുമാണ് മാറ്റം.