മറ്റു ബാങ്കുകളിൽ അക്കൗണ്ട് കർഷകരോടുള്ള വെല്ലുവിളി: എംപി
1300701
Wednesday, June 7, 2023 12:34 AM IST
ചിറ്റൂർ : സംഭരിച്ച നെല്ലിന്റെ വില കിട്ടാൻ കേരള ബാങ്ക് ഇതര ബാങ്കുകളിൽ അക്കൗണ്ട് തുറക്കണമെന്നത് കർഷകരോടുള്ള വെല്ലുവിളിയെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു. 10 വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോണ്ഗ്രസ് ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റി മിനി സിവിൽ സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേര കർഷകർക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില തകർച്ചയാണ് നേരിടേണ്ടി വരുന്നത്. കൃഷിയ്ക്കും കുടിക്കാനും വെള്ളം ലഭ്യമാക്കാൻ കഴിയാത്ത കഴിവുകെട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. കർഷകരെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ നയമാണെന്നും രമ്യ ഹരിദാസ് കുറ്റപ്പെടുത്തി. കർഷക കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.മോഹനൻ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.സുമേഷ് അച്യുതൻ, കെ.സി. പ്രീത്, കെ.മധു, രഘുനാഥ്, സദാനന്ദൻ, പാളയം പ്രദീപ്, ഇ.എം. ബാബു, ഉണ്ണികൃഷ്ണൻ, എം.പോൾ എന്നിവർ സംസാരിച്ചു.