ഇത് ഹരിതകർമ സേനകളുടെ വിജയഗാഥ പാഴ്വസ്തുക്കളിൽനിന്ന് പുതുപുത്തൻ വസ്തുക്കൾ
1337375
Friday, September 22, 2023 1:40 AM IST
പാലക്കാട്: നാടും നഗരവും വൃത്തിയാക്കൽ മാത്രമല്ല ശേഖരിച്ച പാഴ്വസ്തുക്കളിൽ നിന്ന് പുനരുപയോഗ വസ്തുക്കൾ നിർമിച്ച് പ്രതീക്ഷകളിലേക്കൊരു "ട്വിസ്റ്റ്' ഒരുക്കുകയാണ് പട്ടാന്പിയിലെയും എരിമയൂരിലെയും ഹരിതകർമ സേനാംഗങ്ങൾ.
വീട്ടമ്മയിൽ നിന്ന് ഹരിതകർമ സേനയിലേക്കുള്ള മാറ്റം വളരെ അഭിമാനത്തോടെയാണ് സേനാംഗങ്ങൾ കാണുന്നത്. ഹരിത കേരള മിഷന്റെയും ശുചിത്വ കേരള മിഷന്റെയും പ്രേത്സാഹനവും കൂടെയായപ്പോൾ സംഗതി ഉഷാറായി മുന്നോട്ടുപോകുന്നു.
തുടക്കത്തിൽ ഹരിതകർമസേനാംഗങ്ങളെ കല്ലുകടിയായി കണ്ടിരുന്നവർ ഇന്ന് അവരെ വിളിച്ച് പാഴ്വസ്തുക്കളും വീട്ടിലെ പാസ്റ്റിക് വേസ്റ്റുകളും നല്കുന്നു. ഇങ്ങനെ ശേഖരിച്ച വേസ്റ്റിൽ നിന്ന് പുനരുപയോഗ സാധനങ്ങൾ നിർമിച്ച് മാതൃകയാവുകയാണ് പട്ടാന്പി നഗരസഭയിലെ 39 അംഗങ്ങൾ ഉൾപ്പെടുന്ന ഹരിത കർമസേന.
വീടുകളിൽ നിന്ന് ശേഖരിച്ച പഴകിയതല്ലാത്ത തുണിത്തരങ്ങൾ മറ്റും ശേഖരിച്ചാണ് വീടുകൾക്ക് ഉപയോഗപ്രദമാകുന്ന ചവിട്ടി, തലമുടിയിൽ ഇടുന്ന റിബണ് എന്നിവ നിർമിക്കുന്നത്.
സേനാംഗങ്ങൾക്ക് ഒഴിവു സമയങ്ങൾ ലഭിക്കുന്പോഴാണ് ഇത്തരം സാധനങ്ങൾ നിർമിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നത്. നിർമിച്ച വസ്തുക്കൾ വീടുകളിലും കടകളിലും എത്തിച്ച് വില്പന നടത്തുന്നു. പരിസ്ഥിതി സൗഹാർദമായതിനാൽ ആവശ്യക്കാർ അന്വേഷിച്ചെത്താറുണ്ടെന്ന് അംഗങ്ങൾ പറഞ്ഞു.
ഉഷാറാക്കാൻ എക്സിബിഷൻ
സോപ്പ് നിർമാണത്തിലും കുട നിർമാണത്തിലും വ്യത്യസ്തരാവുകയാണ് എരിമയൂർ പഞ്ചായത്തിലെ 18 അംഗങ്ങളുള്ള ഹരിതകർമ സേന. പഞ്ചായത്തിന്റെ പൂർണമായ പിന്തുണയോടുകൂടിയാണ് ഈ സംരംഭം മുന്നോട്ട് പോകുന്നതെന്ന് എരിമയൂർ പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി പറഞ്ഞു.
സേനാംഗങ്ങൾ നിർമിച്ച സാധനങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് പഞ്ചായത്ത് തലത്തിൽ എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു.
എക്സിബിഷനിൽ ലഭിച്ച സ്വീകാര്യത കൂടുതൽ വസ്തുക്കൾ നിർമിക്കാൻ സേനാംഗങ്ങൾക്ക് പ്രചോദനമായി. കുട, സോപ്പ് നിർമാണത്തിനായി തുടക്കത്തിൽ ഐആർടിസിയുടെ ഫണ്ട് ലഭിച്ചിരുന്നു.
തുടർന്ന് കൂടുതൽ കുടകൾ നിർമിക്കാനായി ഹരിത കർമ സേനാംഗങ്ങൾ തന്നെ തൃശൂരിൽ നിന്ന് കുട നിർമിക്കാൻ ആവശ്യമായി സാമഗ്രികൾ വാങ്ങി കൊണ്ടുവന്ന് അംഗങ്ങൾ എല്ലാവരും ചേർന്നാണ് കുട നിർമാണം.
വിപണന സാധ്യത
വീടുകൾ തോറും വേസ്റ്റ് ശേഖരിക്കാൻ പോകുന്ന സേനാംഗങ്ങൾ വീടുകളിൽ നിന്ന് ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതോടൊപ്പം തന്നെ അവർ നിർമിച്ച സോപ്പ്, കുട, ചവിട്ടി, റിബൺ തുടങ്ങിയ ഉല്പന്നങ്ങളുടെ വില്പനയും നടത്തുന്നു.
ചവിട്ടി ഒന്നിന് 100 രൂപ നിരക്കിലാണ് പട്ടാന്പി നഗരസഭയിലെ ഹരിത കർമസേനാംഗങ്ങൾ വില്പന നടത്തുന്നത്.
എന്നാൽ എരിമയൂർ പഞ്ചായത്തിലെ സേനാംഗങ്ങൾ തങ്ങൾ നിർമിച്ച വസ്തുക്കൾ വില്പനയ്ക്കായി വീടുകളിൽ എത്തിക്കുന്നതിനു പുറമേ പഞ്ചായത്തിന്റെ തന്നെ കൃഷി വകുപ്പിന്റെ ഇക്കോ ഷോപ്പിൽ എത്തിച്ച് ആവശ്യക്കാർക്ക് വില്ക്കുകയാണ് പതിവ്.