സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പേരിലും കെഎസ്ഇബി യിൽ പിഴിച്ചിൽ
1339362
Saturday, September 30, 2023 1:13 AM IST
വടക്കഞ്ചേരി: സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പേരിലും കെഎസ്ഇബിയിൽ പിഴിയൽ. കറന്റ് ബിൽ മാത്രം അടച്ചാൽ പോര സെക്യൂരിറ്റി ഡെപ്പോസിറ്റ് കുടിശിക ഉണ്ടെങ്കിൽ അതുകൂടി അടച്ചാൽ മാത്രമെ ബിൽ അടയ്ക്കാതെ വിഛേദിക്കുന്ന കണക്ഷൻ പിന്നീട് പുന:സ്ഥാപിക്കുകയുള്ളു.
മൂന്നുമാസത്തെ വൈദ്യുതി ഉപയോഗം നോക്കിയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കണക്കാക്കുന്നത്. ഈ സെക്യൂരിറ്റി തുക ഏതുകാലത്ത് തിരിച്ചു തരും എന്നൊക്കെ ചോദിക്കുന്നതൊന്നും അധികൃതർക്ക് അത്ര ഇഷ്ടമുള്ള കാര്യങ്ങളല്ല. ഉപയോഗിക്കുന്ന കറന്റിന് ഉപഭോക്താവിൽ നിന്നും മുൻകൂട്ടി വാങ്ങുന്നതാണ് പലപ്പോഴും സെക്യൂരിറ്റി ഡെപ്പോസിറ്റ്. ഇതിനാൽ ഒരു മാസത്തെ കറന്റ് ബിൽ ഉപഭോക്താവ് അടച്ചില്ലെങ്കിലും കണക്ഷൻ വിഛേദിക്കാൻ പാടില്ല. എന്നാൽ അതുപോലും പരിഗണിക്കാതെയാണ് മനുഷ്യത്വരഹിതമായി കണക്ഷൻ വിഛേദിച്ച് വ്യാപാരസ്ഥാപനങ്ങളെയും വീട്ടുകാരേയും ബുദ്ധിമുട്ടിക്കുന്നത്.
കഴിഞ്ഞദിവസം വടക്കഞ്ചേരി ടൗണിലെ ഒരു സ്ഥാപനം കറന്റ് ബിൽ അടയ്ക്കാത്തതിനെ തുടർന്ന് അധികൃതർ ഫ്യൂസ് ഊരി. ഫ്രീസർ ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങൾ പലതും ഉള്ളതിനാൽ കടം വാങ്ങിയും മറ്റും മുപ്പതിനായിരത്തോളം വരുന്ന ബിൽ തുക കട ഉടമ അടച്ചു. എന്നിട്ടും വിഛേദിച്ച കണക്ഷൻ പുന:സ്ഥാപിച്ചില്ല. കാരണം അന്വേഷിച്ചപ്പോഴാണ് പറയുന്നത് സെക്യൂരിറ്റി തുകയും മുഴുവൻ അടയ്ക്കണമെന്ന്.
കച്ചവടമില്ല, സാമ്പത്തിക പ്രയാസമുണ്ട് ഒരുമാസം കഴിഞ്ഞ് അടക്കാം എന്നൊക്കെ സ്ഥാപന ഉടമ പറഞ്ഞുനോക്കിയെങ്കിലും അതൊന്നും അധികൃതർ മുഖവിലയ്ക്കെടുത്തില്ല. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയുടെ പകുതി തുക അടയ്ക്കണമെന്നായി ഒടുവിൽ അധികൃതർ.
എന്നാൽ ഇത് കണ്ടെത്താനുള്ള വഴിയില്ലാതിരുന്നതിനാൽ സ്ഥാപന ഉടമ പരാതി നൽകാനുള്ള തീരുമാനത്തിലേക്ക് നീങ്ങി. എഴുതിയ പരാതി കണ്ടതോടെ അധികൃതരുടെ കണ്ണുതുറന്നു, ഗൗരവം കുറഞ്ഞു, സംസാരത്തിലും സൗമ്യത വന്നു. പിന്നെ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചോ ഇല്ലയോ എന്നൊന്നും നോക്കാതെ വിഛേദിച്ച കണക്ഷൻ പുന:സ്ഥാപിച്ച് അധികൃതർ തടിയൂരി.
മുകളിൽ നിന്നുള്ള പ്രഷറാണ് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്ന് കീഴ് ഓഫീസ് ജീവനക്കാർ പറഞ്ഞപ്പോൾ അവരുടെ നിസഹായാവസ്ഥയും സർക്കാരിന്റെ സാമ്പത്തിക ഞെരുക്കങ്ങളും സ്ഥാപന ഉടമയുടെ ഓർമയിൽ വന്നു. പക്ഷെ, അധികൃതരുടെ വാശിയിൽ സ്ഥാപന ഉടമക്ക് നഷ്ടങ്ങളുണ്ടാക്കി. സ്ഥാപനത്തിൽ കറന്റ് ഇല്ലെങ്കിൽ കേടുവരുന്ന കുറെ സാധനങ്ങളുണ്ടായിരുന്നു. ഇതിനാൽ ജനറേറ്റർ പ്രവർത്തിപ്പിക്കേണ്ടിവന്നു. അങ്ങനെ കുറച്ച് ആയിരങ്ങൾ കൂടി ബാധ്യതയായി മാറി. വാടകയ്ക്ക് കടമുറിയെടുത്ത് കച്ചവടം നടത്തുന്നവർ പലപ്പോഴും സെക്യൂരിറ്റി ഡെപ്പോസിറ്റിൽ കുടുങ്ങുന്നുണ്ട്.
ഏതെങ്കിലും കാലത്ത് സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കുമ്പോൾ അത് കെട്ടിട ഉടമയ്ക്കാണ് ലഭിക്കുക. അതുമാത്രമല്ല സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന വകയിൽ ലക്ഷങ്ങളുടെ വരുമാനവും കെഎസ്ഇബിക്ക് ഉണ്ടാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.