പാലക്കാട്: കത്തോലിക്കാ സഭയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം മാറ്റിവച്ച് വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുമായി ഫാ. ജോസ് കണ്ണന്പുഴ പൗരോഹിത്യത്തിന്റെ സുവർണ ജൂബിലി നിറവിൽ. കുട്ടികൾക്ക് വഴികാട്ടിയായും യുവാക്കൾക്ക് കൂട്ടുകാരനായും രോഗികൾക്കും ആലംബഹീനർക്കും കൈത്താങ്ങായും ഇന്നും കർമനിരതനാണ് കണ്ണന്പുഴയച്ചൻ. സുവർണജൂബിലി ആഘോഷ പരിപാടി നാളെ വൈകുന്നേരം മൂന്നരയ്ക്ക് ഷൊർണൂർ സെന്റ് ആഗ്നസ് പള്ളിയിൽ നടക്കും.
തൃശൂർ ജില്ലയിലെ പൂവത്തുശേരി കണ്ണന്പുഴ ജോർജ് -ബ്രിജിത്ത ദന്പതികളുടെ 7 മക്കളിൽ നാലാമനായി ജനിച്ച ജോസ് കാരൂർ സെന്റ് മേരീസ് സ്കൂളിലും ആളൂർ ആർഎംഎച്ച് സ്കൂളിലും നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ദൈവവിളിയുടെ ഭാഗമായി 1963 ൽ തൃശൂർ തോപ്പ് മൈനർ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചു.
കോട്ടയം സെന്റ് തോമസ് സെമിനാരിയിൽ നിന്നും ഫിലോസഫിയും തിയോളജിയും പൂർത്തിയാക്കി. 1973 ഡിസംബർ 21ന് വെള്ളാഞ്ചിറ ഫാത്തിമ മാതാ ഇടവക ദേവാലയത്തിൽ തൃശൂർ രൂപത അധ്യക്ഷൻ മാർ ജോസഫ് കുണ്ടുകുളത്തിന്റെ കൈവയ്പു ശുശ്രൂഷയിലൂടെ കണ്ണന്പുഴ ചക്കേടത്ത് ജോസ് പൗരോഹിത്യം സ്വീകരിച്ചു. അമ്മാടം സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിൽ ശുശ്രൂഷ ആരംഭിച്ചു. 1974 സെപ്റ്റംബർ 8 ന് പാലക്കാട് രൂപത സ്ഥാപിതമായപ്പോൾ സേവനം പാലക്കാട്ടേക്ക് മാറ്റി.
ജില്ലയിലെ തീരെ വികസനം പ്രാപിക്കാത്ത അട്ടപ്പാടിയിലെ താവളം, ഷോളയൂർ, ത്രിത്വമല ഇടവകകളാണ് ശുശ്രൂഷയ്ക്കായി തെരെഞ്ഞെടുത്തത്. 35ൽ പരം ഇടവകകളിൽ ഇതിനകം വികാരിയായി ആത്മീയ ശുശ്രൂഷ നടത്തിയിട്ടുണ്ട്. 2022 മെയ് 25ന് 75 വയസ് പൂർത്തിയായ ജോസച്ചൻ തന്റെ ഒൗദ്യോഗിക ശുശ്രൂഷകളിൽ നിന്നും വിരമിച്ച് പാലനയിലെ സാൻജോ ഹോമിൽ വിശ്രമജീവിതം ആരംഭിച്ചെങ്കിലും 2023 ജൂണ് മുതൽ ഒക്ടോബർ വരെ ഷൊർണൂർ, ഗണേശ്ഗിരി പള്ളികളുടെ ആക്ടിംഗ് വികാരിയായി സേവനമനുഷ്ഠിക്കുന്നു.
ഇതിനിടയിലും മാനസിക വൈകല്യം സംഭവിച്ച കുട്ടികളെ സംരക്ഷിക്കുന്ന ലക്കിടി പോളിഗാർഡനിൽ കഴിഞ്ഞ 13 വർഷമായി സ്പിരിച്വൽ ഡയറക്ടറായി സേവനം ചെയ്യുന്നു. വചനപ്രഘോഷകൻ കൂടിയായ കണ്ണന്പുഴയച്ചൻ 1987 മുതൽ ഇടവക ശുശ്രൂഷയോടൊപ്പം വിവിധ സ്ഥലങ്ങളിൽ ധ്യാനവും നടത്തിയിട്ടുണ്ട്.
കേരളത്തിലും, മുംബൈ, ദുബായ്, ഷാർജ, വത്തിക്കാൻ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലും വചനപ്രഘോഷണം നടത്തിയിട്ടുണ്ട്. വിവിധ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി മൂന്നുവർഷമായി അനുദിന സുവിശേഷ സന്ദേശം നൽകുന്നു. പാലക്കാട് രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് ഇരുന്പൻ, മാർ ജേക്കബ് മനത്തോടത്ത്, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ എന്നിവരുടെ സഹവർത്തിത്വം തന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉൗർജം പകർന്നതായി അച്ചൻ പറയുന്നു.
അച്ചന്റെ പ്രവർത്തനങ്ങളിലും സംസാരത്തിലും ഇന്നും യുവത്വത്തിന്റെ ശോഭയും പ്രസരിപ്പുമുള്ളത് അദ്ദേഹം നടത്തുന്ന ത്യാഗോജ്വമായ പ്രവർത്തനത്തിന്റെ ബാക്കിപത്രമാണ്.
ഷൊർണൂർ സെന്റ് ആഗ്നസ് ദേവാലയത്തിൽ നാളെ വൈകുന്നേരം മൂന്നേകാലിന് ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്തിന് സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയിൽ മാർ ജേക്കബ് മനത്തോടത്ത് മുഖ്യ കാർമികനാകും. ഫാ. ജോസ് പി. ചിറ്റിലപ്പിള്ളി, ഫാ. സണ്ണി വാഴേപറന്പിൽ, ഫാ. ജോജി വടക്കേക്കര, ഫാ. ജോസ് കണ്ണന്പുഴ എന്നിവർ സഹകാർമികരാകും.
തുടർന്ന് നടക്കുന്ന അനുമോദനസമ്മേളനം മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോണ് ജീജോ ചാലയ്ക്കൽ അധ്യക്ഷത വഹിക്കും. ഫാ. ജോസ് പി. ചിറ്റിലപ്പിള്ളി, ഐസപ്പൻ എടവഴിത്തറ, സിസ്റ്റർ എമിലിൻ സിഎച്ച്എഫ്, ജോസ് ആലപ്പാട്ട്, ഹെലൻ ക്രിസ്റ്റി എന്നിവർ ആശംസകളർപ്പിക്കും. വിവാഹജീവിതത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന എടവഴിത്തറ ഐസപ്പൻ- അന്നമ്മ, പൂപ്പാടി റപ്പായി- ബേബി ദന്പതിമാരേയും ചടങ്ങിൽ ആദരിക്കും. തുടർന്ന് സാംസ്ക്കാരിക പരിപാടികളും നടക്കും. ഫാ. ജോസ് കണ്ണന്പുഴയുടെ ജീവിതത്തെ കുറിച്ച് ഷൊർണൂർ സെന്റ് ആഗ്നസ് ഇടവക തയ്യാറാക്കിയ ഡോക്യുമെന്ററി ‘നാൾവഴികളിലൂടെ’ പ്രദർശിപ്പിക്കും. ഫാ. ജോസ് കണ്ണന്പുഴ മറുപടി പ്രസംഗം നടത്തും. ലില്ലി ജോസ് സ്വാഗതവും ജെയ്സൻ കുത്തൂരാൻ നന്ദിയും പറയും.