മലയോര ഹൈവേയ്ക്ക് കിഫ്ബിയിൽ നിന്നു സാന്പത്തിക അനുമതി ലഭിച്ചു: ജില്ലാ കളക്ടർ
1339544
Sunday, October 1, 2023 1:33 AM IST
പാലക്കാട്: ഗോവിന്ദാപുരം മുതൽ വടക്കഞ്ചേരി തങ്കം ജംഗ്ഷൻ വരെയുള്ള മലയോര ഹൈവേ പദ്ധതിയുടെ മൂന്നു റീച്ചുകൾക്കും കിഫ്ബിയിൽ നിന്ന് സാന്പത്തികാനുമതി ലഭിച്ചതായി ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.
ആദ്യത്തെ റീച്ചിന്റെ റവന്യൂ സർവേ പൂർത്തിയായി. സാങ്കേതിക അനുമതിക്കായുള്ള പ്രൊപോസൽ കെആർഎഫ്ബി തയ്യാറാക്കുകയാണ്. രണ്ടും മൂന്നും റീച്ചിന്റെ റവന്യൂ സർവേ നടന്നുകൊണ്ടിരിക്കുകയാണ്. ഭൂമി വിട്ടു കിട്ടുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുകയാണ്.
80 ശതമാനത്തിലധികം ഭൂമി സ്വമേധയാ വിട്ടുകിട്ടുന്ന മുറയ്ക്ക് സാങ്കേതികാനുമതി നൽകി ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.
ശ്രീകൃഷ്ണപുരം വില്ലേജ് ലക്ഷംവീട് കോളനിയിലെ മലന്പണ്ടാരം എന്ന വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് പി. മമ്മിക്കുട്ടി എംഎൽഎ ആവശ്യപ്പെട്ടതിനെ തുടർന്ന് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ കിർത്താഡ്സ് ഡയറക്ടർക്ക് നിർദേശം നൽകി.
ആലത്തൂർ താലൂക്ക് കിഴക്കഞ്ചേരി വില്ലേജിലുള്ള യു.ടി.ടി കന്പനിയിൽ നിന്നും ഏറ്റെടുത്ത മിച്ചഭൂമി വിതരണം ചെയ്യുന്നത് സംബന്ധിച്ച് കൃത്യമായി നോട്ട് തയ്യാറാക്കി എൽആർസിക്ക് രണ്ടു ദിവസത്തിനകം നൽകണമെന്ന് കളക്ടർ അറിയിച്ചു.
കടന്പഴിപ്പുറം കോവിഡ് ഐസൊലേഷൻ വാർഡ്, മൾട്ടിപർപ്പസ് ഹാൾ നിർമാണത്തിന്റെ ഭാഗമായി വൈദ്യുതി കണക്ഷൻ തദ്ദേശസ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കുന്നത് സംബന്ധിച്ച് കെ. ബാബു എംഎൽഎ ഉന്നയിച്ചതിൽ നെന്മാറ, കൊഴിഞ്ഞാന്പാറ, ചെർപ്പുളശേരി എന്നിവിടങ്ങളിൽ വൈദ്യുതി കണക്ഷൻ കൊടുത്തിട്ടുണ്ടെന്നും എട്ട് തദ്ദേശ സ്ഥാപനങ്ങൾ വൈദ്യുതി കണക്ഷൻ നൽകുന്നതിനായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
കൂടാതെ ജില്ലാ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന റീജിനൽ ഡയഗണോസ്റ്റിക് സെന്ററിന്റെ പ്രവൃത്തി പൂർത്തിയായെന്നും ഒക്ടോബർ 15 നകം പ്രവർത്തനം ആരംഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.
നെല്ലിയാന്പതി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് തൊഴിലും ആനുകൂല്യവും നഷ്ടപ്പെടാതിരിക്കാൻ ഭൂമിയുടെ കാലാവധി കൂട്ടി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒക്ടോബർ 10 നകം യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ജില്ലാ ലേബർ ഓഫീസർക്ക് നിർദേശം നൽകി.
ഇതിനോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ കെഎഫ്ഡിസിയെ ഉൾപ്പെടുത്തണമെന്ന് കെ. ബാബു എംഎൽഎ നിർദേശിച്ചു.ജില്ലയിൽ 20 കൃഷി അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് ഉത്തരവായിട്ടുണ്ടെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.
കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ എറണാകുളം ഹെഡ് ഓഫീസിൽ ഒക്ടോബർ മൂന്നിന് ചേരുന്ന യോഗത്തിൽ തുടർനടപടികൾക്കായി ഈ വിഷയം അവതരിപ്പിക്കുമെന്നും അറിയിച്ചു.
അട്ടപ്പാടി, കടുകുമണ്ണ ആനവായ് ഉൗരുകളിൽ 50 വീടുകളിൽ വൈദ്യുതി നൽകിയെന്നും 70 വീടുകൾക്കുള്ള വൈദ്യുതീകരണം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഷോളയൂർ, പുത്തൂർ എന്നിവിടങ്ങളിലേക്ക് ആംബുലൻസ്, കുമരംപുത്തൂർ സബ്സ്റ്റേഷൻ എന്നിവ സംബന്ധിച്ചുമുള്ള കാര്യങ്ങൾ എൻ. ഷംസുദ്ദീൻ എംഎൽഎ ഉന്നയിച്ചു. ഷോളയൂരിൽ ആംബുലൻസിന്റെ സേവനം ഒക്ടോബറിലും പുതൂരിൽ ഒക്ടോബർ ഏഴിനും ആരംഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു.