മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയും പഞ്ചായത്ത് റോഡുകളും തകർന്നു
1339845
Monday, October 2, 2023 12:43 AM IST
വടക്കഞ്ചേരി: സംസ്ഥാനപാത മുതൽ പഞ്ചായത്ത് റോഡുകൾ വരെ എല്ലാ റോഡുകളും തകർന്നു. മഴയെ പഴിചാരി ഭരണനേതൃത്വങ്ങൾ രക്ഷപ്പെടുമ്പോൾ വാഹന യാത്രികരാണ് വഴിയിൽ കുടുങ്ങുന്നത്.
മംഗലം - ഗോവിന്ദാപുരം സംസ്ഥാന പാത, വിനോദ സഞ്ചാര കേന്ദ്രമായ മുടപ്പല്ലൂർ - മംഗലംഡാം റോഡ്, മലയോരപാതയായ വാൽകുളമ്പ് - പനംങ്കുറ്റി - പന്തലാംപാടം റോഡ്, പാലക്കുഴി ഉൾപ്പെടെ മലയോര മേഖലയിലേക്ക് പ്രവേശിക്കുന്ന വടക്കഞ്ചേരി പ്രധാനി - കണ്ണംകുളം റോഡ്, വടക്കഞ്ചേരി ടൗൺ കമ്മാന്തറ റോഡ്, വടക്കഞ്ചേരി ഗ്രാമം - തിരുവറ റോഡ്, വള്ളിയോട് മലബാർ ക്ലബ് റോഡ് തുടങ്ങി റോഡുകളെല്ലാം ഗതാഗത യോഗ്യമല്ലാത്ത വിധമാണിപ്പോൾ.
മുടപ്പല്ലൂർ - മംഗലംഡാം റോഡ് തകർന്നതിന് ഒരു പ്രത്യേകത കൂടിയുണ്ട്. മുടപ്പല്ലൂരിൽ നിന്നും മംഗലംഡാമിലേക്ക് പോകുമ്പോൾ ഇടതുവശം റോഡ് വലിയ കുഴപ്പമില്ല. സാമാന്യം ഭേദപ്പെട്ട റോഡായി തന്നെ നിലനിൽക്കുന്നുണ്ട്. എന്നാൽ ഡാമെല്ലാം കണ്ട് തിരിച്ചു വരുമ്പോൾ പിന്നെ എല്ലാ ദൈവങ്ങളേയും വിളിക്കണം അപകടം കൂടാതെ മുടപ്പല്ലൂരിൽ തിരിച്ചെത്താൻ.
കാരണം മംഗലംഡാമിൽ നിന്നും മുടപ്പല്ലൂരിലേക്ക് വരുമ്പോഴുള്ള ഇടതുഭാഗം പൂർണമായും തകർന്നു കിടക്കുകയാണ്. മറ്റു റോഡുകളുടെ തകർച്ച പോലെയല്ല ഇത്.
ടാറിംഗ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ നിരങ്ങി നീങ്ങി ഇവിടെ വലിയ വിടവുകൾ പോലെയുള്ള തകർച്ചയാണ് ഉണ്ടായിട്ടുള്ളത്.
ഇതിനാൽ വാഹനങ്ങളെല്ലാം ഗർത്തങ്ങളില്ലാത്ത വശം കയറി ഓടുന്നതിനാൽ അപകടത്തിനും കാരണമാകുകയാണ്. പത്ത് കിലോമീറ്റർ ദൂരം വരുന്ന ഈ റോഡിന്റെ മറ്റൊരു പ്രത്യേകത, വളവുകൾ ഏറെയുണ്ട് എന്നതാണ്.
ഇതിനാൽ വാഹനങ്ങൾ സൈഡ് തെറ്റി ഓടിയാൽ അത് എതിരെ വരുന്ന വാഹനങ്ങളുമായുള്ള കൂട്ടിയിടിക്ക് കാരണമാകും.
റോഡിനിരുവശവും മരങ്ങളുണ്ടെങ്കിൽ മഴക്കാലത്ത് റോഡ് തകരുമെന്ന തെറ്റായ പ്രചരണത്തിന് ഒരു അപവാദമായിരുന്നു മുടപ്പല്ലൂർ - മംഗലംഡാം റോഡ്. നല്ല രീതിയിൽ റീടാറിംഗ് നടത്തിയിരുന്ന റോഡ് കുറെ കാലം തകരാതെ പിടിച്ചു നിന്നു.
ഇപ്പോഴാണ് ഭാര കൂടുതലുള്ള വാഹനങ്ങളുടെ സഞ്ചാരം കൂടി റോഡ് തകർന്നു തുടങ്ങിയത്. റീടാറിംഗിനായി കണക്കാക്കുന്ന എസ്റ്റിമേറ്റ് തുക മറ്റു വഴിക്ക് പോകാതെ റോഡ് വികസനത്തിനായി ഉപയോഗിച്ചാൽ ഏത് മഴയിലും മരങ്ങൾക്കിടയിലും ടാറിംഗ് വർഷങ്ങളേറെ നിലനിൽക്കും എന്നതിന് ഒരു തെളിവായിരുന്നു ഈറോഡ്.
മംഗലം കുടിവെള്ള പദ്ധതിയുടെ പൈപ്പിടാൻ റോഡുകളെല്ലാം വെട്ടിപ്പൊളിച്ചതും നാട്ടിലെ യാത്രകൾ ദുർഘട യാത്രകളാക്കി മാറ്റി. പ്രതീക്ഷക്ക് വകയില്ലാത്ത കുടിവെള്ള പദ്ധതിക്കായി നാല് പഞ്ചായത്തുകളിലെ റോഡുകളാണ് വെട്ടിപൊളിച്ച് പൈപ്പിട്ടിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽ ഈ പഞ്ചായത്ത് റോഡുകളെല്ലാം ഇനി എന്ന് നന്നാകും എന്നെല്ലാം കണ്ടറിയേണ്ടി വരും.