നവകേരള സദസ് എത്തിയിട്ടും വനസൗഹൃദ സദസിനു നല്കിയ അപേക്ഷകളിൽ മറുപടിയില്ല
1375436
Sunday, December 3, 2023 5:12 AM IST
നെന്മാറ: മാസങ്ങൾ മുമ്പ് വനം മന്ത്രി നേരിൽ സ്വീകരിച്ച പരാതികൾക്ക് മറുപടി ലഭിച്ചില്ല. കേരള മന്ത്രിസഭ ഒന്നാകെ എത്തുന്ന നവ കേരള സദസ് നെന്മാറയിൽ എത്തിയിട്ടും ഏപ്രിൽ 13ന് നെന്മാറയിൽ വനം വകുപ്പ് നടത്തിയ വന സൗഹൃദ സദസിൽ വനം വകുപ്പ് സ്വീകരിച്ച നൂറുകണക്കിന് പരാതിക്ക് മറുപടി ലഭിച്ചില്ലെന്ന് പരാതി.
വനമന്ത്രി നേരിൽ പൊതുജനങ്ങളെയും വനം ഉദ്യോഗസ്ഥരെയും നെന്മാറ, ആലത്തൂർ, തരൂർ നിയോജകമണ്ഡലങ്ങളിലെ ജനപ്രതിനിധികളെയും പൊതുജനങ്ങളെയും ഇരുത്തി നടത്തിയ പരിപാടിയായിരുന്നു. ഇതിന്റെ ഭാഗമായി നെന്മാറ ഡിഎഫ്ഒയ്ക്ക് നൂറു കണക്കിന് പരാതികളാണ് കർഷകരും ജനപ്രതിനിധികളും നല്കിയത്.
എല്ലാ പരാതികൾക്കും 30 ദിവസത്തിനകം മറുപടി നല്കുമെന്ന് അന്നത്തെ സിസിഎഫ്, മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ നാളിതുവരെ ആർക്കും മറുപടി ലഭിച്ചില്ലെന്നാണ് വ്യാപക പരാതി. വന്യമൃഗങ്ങൾ മൂലമുള്ള കൃഷിനാശത്തിനും ജീവഹാനിക്കും നഷ്ടപരിഹാരം നല്കും എന്നുള്ള വാഗ്ദാനവും നാളിതുവരെ പൂർണ്ണമായി പാലിക്കപ്പെട്ടില്ല.
മന്ത്രി നേരിൽ വന്ന് സ്വീകരിച്ച പരാതികൾക്ക് പോലും മറുപടി ലഭിക്കാതിരിക്കേ മുഖ്യമന്ത്രിയുടെ പരിപാടിയുടെ ഭാഗമായി ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന പരാതികളിൽ എന്ത് തീർപ്പ് ഉണ്ടാകുമെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.