ചിനക്കത്തൂരിൽ പൊൻ പൂരം പൂനിലാവായി പൊട്ടിവിരിഞ്ഞു
1395390
Sunday, February 25, 2024 6:29 AM IST
ഒറ്റപ്പാലം : ചിനക്കത്തൂരിൽ പൊൻപൂരം പൂനിലാവായ് പെയ്തിറങ്ങി..... പൂരമൊരു പൂവായി വിരിയാൻ കാത്തിരുന്ന തട്ടകത്തിൽ പൊട്ടി വിരിഞ്ഞത് പൂക്കളുടെ പൊൻവസന്തം. കുംഭസൂര്യൻ കനലെരിഞ്ഞ തട്ടകത്തിൽ ആവേശം തണലൊരുക്കി. ആവേശത്തിന് അതിര് ആകാശം മാത്രം. രാവിലെ ദേശങ്ങളിൽ നിന്നുമുയർന്ന കതിന വെടി പൂരത്തിൻ്റെ വരവറിയിച്ചു.
മാഘമാസത്തിലെ മകം നാളിന്റെ പുണ്യം തേടി ദേവിയുടെ ഭൂതഗണങ്ങളായ പൂതനും, തിറയും വെള്ളാട്ടുമാണ് ആദ്യം ഭഗവതിയെ വണങ്ങാനെത്തിയത്. ആറാട്ടിന് ശേഷം താഴത്തെ കാവിൽ കൊടിക്കൂറ താഴ്ത്തി. കിഴകൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ ആറാട്ട് മേളവും അരങ്ങേറി.
അനുഷ്ഠാന കലാരൂപങ്ങളായ പൂതൻ-തിറകളുടെ കാവേറ്റത്തോടെ തട്ടകത്തിൽ പൂരക്കാഴ്ചകളുടെ ചിലമ്പണിഞ്ഞു. ആറാട്ടിന് ശേഷം, തിരുനടയടച്ച് കാവുതീണ്ടി. പിന്നെ മേലേക്കാവിലായിരുന്നു പൂരം. ഉച്ചയ്ക്ക് ഏഴു ദേശങ്ങളിൽ നിന്നും പൂരപ്പുറപ്പാട് നടന്നു.
ദേശക്കരുത്തിന്റെ ചുമലിലേറി കുതിരക്കോലങ്ങൾ കാവിലേക്കു കുതിച്ചെത്തി. ഉച്ചകഴിഞ്ഞു മൂന്നിന് കുതിരകൾ പൂരപ്പറമ്പിൽ പടിഞ്ഞാറ്, കിഴക്ക് ചേരികളിലായി അണിനിരന്നു. കുതിര കോലങ്ങൾ അഭിനവ മാമാങ്കമാടി കൊന്നും ചത്തും തീർന്ന ചാവർ പടയാളികളുടെ കർമ്മകാണ്ഡം പുനർജനിച്ചു.
കുതിരകളിക്കു ശേഷം കളി കഴിഞ്ഞു കുതിരകൾ പന്തികളിലേക്കു പിൻവാങ്ങിയതോടെ തേരും തട്ടിന്മേൽക്കൂത്തും വഴിപാട് കുതിരകളും കാളകളും ദേവിയെ വണങ്ങാനെത്തി.
ഉച്ചയ്ക്കു പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ദേശങ്ങളിൽ നിന്നു പുറപ്പെട്ട ആനപ്പൂരങ്ങൾ മൈതാനത്തിന്റെ പടിഞ്ഞാറ്, കിഴക്ക് ചേരികളിലായി അണിനിരന്നു. ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്ന, എറക്കോട്ടിരി, പല്ലാർമംഗലം ദേശങ്ങളിലെ 17 ഗജവീരന്മാർ പടിഞ്ഞാറൻ ചേരിയിലും തെക്കുമംഗലം, വടക്കുമംഗലം ദേശങ്ങളിലെ 10 ആനകൾ കിഴക്കൻ ചേരിയിലും മുഖാമുഖം അണിനിരന്നതോടെ പാണ്ടിമേളം തുടങ്ങി.
വിവിധ ദേശങ്ങളിൽ നിന്നു പുറപ്പെടുന്ന രാത്രിപ്പൂരം ഇന്ന് പുലർച്ചെ വീണ്ടും ക്ഷേത്രസന്നിധിയിലെത്തി പാണ്ടിമേളത്തിന്റെ അകമ്പടിയടെ എഴുന്നള്ളിപ്പു പൂർത്തിയാക്കും. രാവിലെ ഏഴരയോടെ ഇരു ചേരികളിലെയും 27 ഗജവീരന്മാർ ഒന്നിച്ചണിനിരന്നു കൂട്ടിയെഴുന്നള്ളിപ്പ് പൂർത്തിയാക്കി ഉപചാരം ചൊല്ലി പിരിയും.