പ്രോസിക്യൂട്ടർമാരുടെ പണിമുടക്ക് അപലപനീയം: പി. പ്രേംനാഥ്
1416386
Sunday, April 14, 2024 6:14 AM IST
പാലക്കാട്: പറവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയിൽ കുറ്റാരോപിതരായ പ്രോസിക്യൂട്ടർമാരുടെ വീട് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് കേരളത്തിലെ പ്രോസിക്യൂട്ടർമാർ ചൊവ്വാഴ്ച അവധി എടുത്ത് ജോലിയിൽ നിന്ന് വിട്ടു നിൽക്കാനുള്ള കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ തീരുമാനം അപലപനീയമാണെന്ന് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായ പി. പ്രേംനാഥ് അഭിപ്രായപ്പെട്ടു.
സത്യം കണ്ടെത്താൻ കോടതിയെ സഹായിക്കേണ്ട പ്രോസിക്യൂട്ടർമാർ സഹപ്രവർത്തകർക്ക് വേണ്ടി ക്രൈം ബ്രാഞ്ച് അന്വേഷണത്തെ അട്ടിമറിക്കുവാൻ ശ്രമിക്കരുതെ ന്നും കുറ്റാരോപിതരായ പ്രോസിക്യൂട്ടർമാരുടെ വീട് പരിശോധന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഇടപെടൽ വഴി പോലീസ് പിൻവാങ്ങിയെന്നുമുള്ള പ്രോസിക്യൂട്ടർമാരുടെ ഒൗദ്യോഗിക വാട്സപ് ഗ്രൂപ്പിൽ അസോസിയേഷൻ ജനറൽ സെക്രട്ടറിയുടെ പ്രസ്താവന അത്യധികം ആശങ്ക ഉണ്ടാക്കുന്നുവെന്നും പ്രോസിക്യൂട്ടർമാർ വേട്ടക്കാർക്കൊപ്പമാണോ അതിജീവിതർക്കൊപ്പമാണോ എന്ന് അസോസിയേഷൻ വ്യക്തമാണമെന്നും പ്രേംനാഥ് ആവശ്യപ്പെട്ടു.
പ്രോസിക്യൂട്ടർമാരുടെ ഒൗദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ മരിച്ച അനീഷ്യക്കെതിരെയും അവരുടെ സുഹൃത്തുക്കൾക്കെതിരെയും ക്രൈം ബ്രാഞ്ചിനു മൊഴി നൽകിയ പ്രോസിക്യൂട്ടർമാർക്കെതിരെയും നടത്തുന്ന അധിക്ഷേപങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.