വിഷുത്തലേന്ന് നാടെങ്ങും വില്പന പൊടിപാറിച്ച് പടക്കവിപണി
1416394
Sunday, April 14, 2024 6:14 AM IST
പാലക്കാട്: വിഷുത്തലേന്ന് നാടെങ്ങും പടക്കവിപണി സജീവം. കടകൾക്കുപുറമെ വഴിയോരങ്ങളിലുള്ള പടക്കവിപണിയിൽ നല്ല കച്ചവടമാണ് നടന്നത്. പത്തു മുതൽ പതിനായിരം രൂപ വരെയുള്ള പടക്കങ്ങളാണ് വിപണിയിലുണ്ടായിരുന്നത്.
ചില പടക്കങ്ങളുടെ പേര് ചൈനക്കാണെങ്കിലും എല്ലാ ഇനങ്ങളും ശിവകാശിയിലാണ് ഉണ്ടാക്കുന്നത്. 300 മുതൽ 3600 രൂപ വരെയാണ്് വില. കന്പിത്തിരി, മത്താപ്പ്, പൂവ്, വിഷ്ണുചക്രം, റോക്കറ്റ്, ഗുണ്ടുകൾ, ആകാശത്ത് കറങ്ങിത്തിരിഞ്ഞ്പൊട്ടുന്ന ഡ്രോണ്,ഹെലികോപ്റ്റർ തുടങ്ങിയ പല ഇനങ്ങളും ഇത്തവണ വിപണിയിലെ താരങ്ങളായി.
60 രൂപ മുതൽ 700 രൂപ വരെയുള്ള ഫ്ളവർ പോട്ടുകൾക്കും ഡിമാൻഡുണ്ട്. ശബ്ദുമുള്ളവയിൽ മാലപ്പടക്കത്തിനാണ് ആവശ്യക്കാർ ഏറെയുണ്ടായിരുന്നത്. വെള്ളമാല എന്ന് പേരുള്ള അഞ്ചെണ്ണമുള്ള ഒരു കെട്ടിന് 250 മുതൽ 300 രൂപ വരെയാണ് വില.
ഉത്സവങ്ങളിൽ മാത്രം കണ്ടിരുന്ന സ്കൈ ഷോട്ടുകൾക്ക് 150 മുതൽ 200 രൂപ വരെ വിലയുണ്ട്. ഇന്ധന വിലയും അവശ്യ വസ്തുക്കളുടെ വില വർധനക്കൊപ്പം പടക്കവിപണിയിലും വില വർധന ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെക്കാൾ എല്ലാ ഐറ്റങ്ങൾക്കും 10-30 ശതമാനത്തോളം വില വർധനയുണ്ടായിട്ടുണ്ട്. പലതരം വർണങ്ങൾ വിടർത്തുന്ന ഷോട്ടുകൾ, വിവിധ വർണങ്ങൾ വിതറുന്ന 50 ൽപരം മോഡൽ കന്പിത്തിരികൾ, വർണങ്ങൾക്കൊപ്പം ശബ്ദങ്ങളുമുള്ള ലാത്തിരി, പൂത്തിരികൾക്ക് 50 മുതൽ 250 രൂപ വരെയുണ്ട്്. പൊതുവെ കഴിഞ്ഞ വർഷത്തെ വിലയാണ് ഇത്തവണയുമെന്ന് വ്യാപാരികൾ പറഞ്ഞു.
മിക്കതും ഹരിത പടക്കങ്ങളാണെന്നതും പ്രത്യേകതയാണ്. ഇവയ്ക്കു പുകയുണ്ടാകില്ല, മാത്രമല്ല രാസവസ്തുക്കൾ താരതമ്യേന കുറവായതിനാൽ അന്തരീക്ഷ മലിനീകരണത്തോതും കുറവായിരിക്കും. ഇന്ധന വിലയും അവശ്യവസ്തുക്കളുടെ വില വർധനയ്ക്കൊപ്പം പടക്കവിപണിയിലും വിലവർധന ബാധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെക്കാൾ എല്ലാ ഐറ്റങ്ങൾക്കും 10-30 ശതമാനത്തോളം വിലവർധനയുണ്ടായിട്ടുണ്ട്.