ചിറ്റൂർ താലൂക്കിൽ റോഡരികിൽ പനംനൊങ്കു വില്പന സജീവം
1416605
Tuesday, April 16, 2024 1:36 AM IST
വണ്ടിത്താവളം: വിളയോടിപാത സ്കൂൾ ഗ്രൗണ്ടിനു സമീപം വ്യാപാരി ജയന് ഇളന്നൻ വില്പന പൊടിപൊടിക്കുന്നു. കൊടും ചൂടിനെ പ്രതിരോധിക്കാൻ വഴിയാത്രികർ ഇളന്നൻ അഥവാ നൊങ്കിനെയാണ് ഏറെ ആശ്രയിക്കുന്നത്. ഈ പനംപഴത്തിന് ആവശ്യക്കാരേറിയതോടെ വിലയും കുത്തനെ ഉയർന്നു. പത്ത് പീസ് ഇളന്നന് 100 രൂപയും അതിൽ കൂടുതലുമാണ് വിലയീടാക്കുന്നത്. വാഹനയാത്രികൾ ഒരു കുല, രണ്ടു കുല എന്നതോതിലാണ് വാങ്ങിച്ച് വീടുകളിലേക്ക് കൊണ്ടു പോവുന്നത്.
ഒരു തരത്തിലുമുള്ള രാസവസ്തുക്കളും ഉപയോഗിക്കാത്തതിനാൽ നൊങ്ക് ഏറെ രുചികരമായിരിക്കുന്നതും വില കൂടാൻ കാരണമാകുന്നുണ്ട്. താലൂക്കിന്റെ വിവിധയിടങ്ങളിൽ നിന്നും ടെന്പോയിലും മറ്റു ഇതര വാഹനങ്ങളിലുമായി ഇളന്നൻ വൻതോതിൽ തമിഴ്നാട്ടിലേക്ക് ദിവസേന കൊണ്ടു പോകുന്നുണ്ട്. ജൂൺ, ജൂലൈ മാസം വരേയും ഇളന്നൻ വ്യാപാരം നീണ്ടുനിൽക്കും. താലൂക്കിൽ വിൽക്കപ്പെടുന്നതിന്റെ ഇരട്ടി വിലയ്ക്കാണ് തമിഴ്നാട്ടിൽ വില്പന നടത്തുന്നത്. കടത്തു കൂലിയിനത്തിൽ കൂടുതൽ ചെലവുണ്ടാകുന്നതാണ് കൂടുതൽ വിലയ്ക്ക് വിൽക്കാൻ നിർബന്ധിതരാവുന്നതെന്നാണ് തമിഴ് വ്യാപാരികളുടെ ന്യായവാദം.
ഈ വർഷം കേരളത്തെ പോലെ തന്നെ തമിഴ്നാട്ടിലും വേനൽമഴ പെയ്യാത്തത് മൂലമുള്ള കൊടുംചൂടാണ് ഈ പ്രകൃതി ഭക്ഷണം ജനം കൂടുതൽ ഇഷ്ടപ്പെടാൻ കാരണമാകുന്നത്.