െചറുകണ്ണമ്പ്രയിൽ വൈക്കോൽ കൂനകൾ കത്തിനശിച്ചു
1416833
Wednesday, April 17, 2024 1:53 AM IST
വടക്കഞ്ചേരി: നെല്ലിയാംപാടം ചെറുകണ്ണമ്പ്രയിൽ വീട്ടുവളപ്പിലെ വൈക്കോൽകൂനകൾക്ക് തീപിടിച്ച് വൻ നഷ്ടം. വാസു എന്നയാളുടെ വീടിനടുത്ത് സൂക്ഷിച്ചിരുന്ന രണ്ടു വലിയ വൈക്കോൽ കൂനകൾക്കാണ് ഇന്നലെ ഉച്ചയ്ക്ക് തീപിടിച്ചത്. അഞ്ചു മണിക്കൂറിലേറെ സമയം ഫയർഫോഴ്സും നാട്ടുകാരും നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. മണിക്കൂറുകളോളം വെള്ളം അടിച്ചിട്ടും തീ കെടാതായപ്പോൾ ജെസിബി എത്തിച്ച് പല ഭാഗത്തേക്കായി വൈക്കോൽ നീക്കിയാണ് തീ കെടുത്താനായത്.
തൊട്ടടുത്തു വീടുകൾ ഇല്ലാതിരുന്നതു വൻ ദുരന്തം ഒഴിവാക്കി.വടക്കഞ്ചേരി, ആലത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനശനയുടെ നാലു യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രിച്ചത്. വിഷുവിനു പൊട്ടാതെ കിടന്നിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നു കരുതുന്നു.
മുറ്റം അടിച്ചു വാരി തീയിട്ടപ്പോൾ അതിൽനിന്നും പൊട്ടിത്തെറിച്ച പടക്കം സമീപത്തെ വൈക്കോൽകൂനയിൽ വീഴുകയായിരുന്നു.
മൂന്നുലക്ഷത്തോളം രൂപയുടെ വൈക്കോൽ കത്തിനശിച്ചു. ഫാം നടത്തുന്ന വാസു പശുക്കൾക്കായി ഒരു വർഷത്തേക്ക് സൂക്ഷിച്ചുവച്ചിരുന്ന വൈക്കോലാണ് അഗ്നിക്കിരയായത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എസ്. ഹരിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.