കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
1417081
Thursday, April 18, 2024 1:48 AM IST
പാലക്കാട്: മോദിക്കെതിരെയും കോണ്ഗ്രസിനെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്നലെ കോട്ടമൈതാനത്തു നടന്ന പൊതുയോഗത്തിലാണു പ്രധാനമന്ത്രി മോദി സംസ്ഥാന സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും ഉന്നയിച്ച ആരോപണങ്ങൾക്കു മുഖ്യമന്ത്രി മറുപടി നൽകിയത്.
സംസ്ഥാനത്തെ സഹകരണമേഖലയിലെ അഴിമതികളെക്കുറിച്ച് ഉന്നയിക്കുന്ന പ്രധാനമന്ത്രി ബിജെപി ഭരിക്കുന്ന ഗുജറാത്തിലെയും ബംഗളൂരുവിൽ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്കുകളുടെയും സ്ഥിതി നോക്കണമെന്നു പിണറായി വിജയൻ ആവശ്യപ്പെട്ടു.
ബംഗളൂരുവിൽ ബിജെപിയുടെ നിയന്ത്രണത്തിലുള്ള രാഘവേന്ദ്ര സഹകരണ ബാങ്കിൽ 2500 കോടിയുടെ അഴിമതിയാണു കണ്ടെത്തിയത്. ഇതിൽ പങ്കുള്ള എംപി കഴിഞ്ഞദിവസം ഒളിവി ൽപ്പോയി.
ഇത്തരമൊരു സാഹചര്യമൊന്നും സംസ്ഥാനത്തുണ്ടായിട്ടില്ല. കരുവന്നൂർ ബാങ്കിനെക്കുറിച്ചൊക്കെ ആരോപണം ഉന്നയിക്കുന്നതിനുമുന്പ് ഓർക്കുന്നതു നന്നായിരിക്കും.
കരുവന്നൂർ ബങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തിയ അന്വേഷണത്തിനപ്പുറം ഇഡിക്ക് ഒന്നും കണ്ടെത്താനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾ 19 യുഡിഎഫ് എംപിമാരെ തെര ഞ്ഞെടുത്തു.
എന്നാൽ, സംസ്ഥാനത്തെ താത്പര്യം സംരക്ഷിക്കുന്നതിനു പകരം കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാരിനൊപ്പമാണ് ഇവർ നിന്നതെന്നു മുഖ്യമന്ത്രി വിമർശിച്ചു.
കേരളം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഒന്നിച്ചുപോയി കേന്ദ്ര ധനമന്ത്രിയെ കാണാമെന്ന് എംപിമാർ സമ്മതിച്ചു. അതിനായി സംസ്ഥാനസർക്കാർ നിവേദനവും തയാറാക്കി. എന്നാൽ, ആ നിവേദനത്തിന്റെ തുടക്കത്തിൽ കേരള സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് ഇത്തരമൊരു അവസ്ഥയുണ്ടായതെന്ന് എഴുതിവയ്ക്കണമെന്ന് യുഡിഎഫ് എംപി മാർ ആവശ്യപ്പെട്ടു.
കേരളത്തിൽ ഇത്തവണ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മാത്രമല്ല യുഡിഎഫിനെതിരെയുമാണു ജനവികാരം.20 മണ്ഡലത്തിലും ഇടതുപക്ഷത്തിന് അനൂകൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, മുൻ എംപി എൻ.എൻ. കൃഷ്ണദാസ്, മുൻമന്ത്രി എ.കെ. ബാലൻ, ടി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. രാവിലെ പട്ടാന്പിയിൽനിന്നാണു മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് യോഗത്തിനു തുടക്കമായത്. വൈകീട്ട് മണ്ണാർക്കാട് യോഗത്തിനുശേഷം കോട്ടമൈതാനത്തെ യോഗത്തിലും സംസാരിച്ചു.