പാനീയ രാജാക്കൻമാരുടെ സർവാധിപത്യത്തിലും മുട്ടുമടക്കാതെ കിഴക്കഞ്ചേരിയിലെ പനംചക്കര ഉത്പാദക സഹകരണ സംഘം
1417260
Friday, April 19, 2024 12:40 AM IST
വടക്കഞ്ചേരി: പാനീയ രാജാക്കന്മാരുടെ സർവാധിപത്യത്തിലും കിഴക്കഞ്ചേരിയിലെ പ്രകൃതിദത്ത പാംനീർ ഉത്പന്നങ്ങൾക്ക് ഇന്നും ആവശ്യക്കാരേറെ. കടുത്ത വേനൽച്ചൂടിൽ പാം നീർ പാനീയങ്ങൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. വിപണിയിൽ ഉത്പന്നങ്ങൾക്ക് പ്രിയം കൂടിയതോടെ ആവശ്യത്തിനുള്ള പാനീയം കടകളിൽ എത്തിച്ചുകൊടുക്കാൻ കഴിയുന്നില്ലെന്ന പ്രയാസമേ ഇവിടത്തെ ജീവനക്കാർക്കുള്ളൂ.
കേരളത്തിൽനിന്നും അന്യം നിന്നുപോയ പനംചക്കര ഉത്പാദക സഹകരണ സംഘങ്ങളിൽ ശേഷിക്കുന്ന അപൂർവം സൊസൈറ്റികളിൽ ഒന്നാണ് കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസിനടുത്തു പ്രവർത്തിക്കുന്ന പനംചക്കര സൊസൈറ്റി. 1948 ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി നിരവധിയായ പ്രതിസന്ധിഘട്ടങ്ങൾ കടന്ന് ഇന്ന് നിലനിൽപ്പിന്റെ മികവുകളിലാണ്. തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ കെട്ടിടങ്ങളോ ഉപഭോക്താക്കളെ വീഴ്ത്തുന്ന പരസ്യവാചകങ്ങളോ ബോർഡുകളോ ഇല്ലെങ്കിലും ചുട്ടുപൊള്ളുന്ന വേനലിൽ പാം നീരാണ് ജനങ്ങളുടെ പ്രിയപ്പെട്ട പാനീയം. ഇതിനൊപ്പം ജീരകസോഡ, നന്നാരി സോഡ, നന്നാരി സ്ക്വാഷ് തുടങ്ങിയ ഉത്പന്നങ്ങളും പുറത്തിറങ്ങുന്നുണ്ട്.
കെമിക്കലുകളൊന്നും ചേർക്കാതെ പാലക്കാടിന്റെ തലയെടുപ്പായ കരിമ്പനയിൽനിന്നുള്ള ഉത്പന്നങ്ങൾ ചേർത്താണ് ഈ പാനീയ നിർമാണം. നല്ല ആരോഗ്യദായകപാനീയം എന്ന നിലയിലും പാം നീരിന്റെ പേരും പെരുമയും ഏറെ ഉയർന്നതാണ്. മധുരത്തിനായി പനംപഞ്ചസാരയാണ് ഇതിൽ ഉപയോഗിക്കുന്നത്. കിഴക്കഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.എം. കലാകാരൻ പ്രസിഡന്റും നെല്ലിക്കോട് സുനിൽകുമാർ മാനേജരുമായ സമിതിയാണ് ഇതിന്റെ ചുമതലക്കാർ. സജിത, ശാന്ത, അജിത, മണി, രുക്മിണി എന്നിവരാണ് ഇവിടെ തൊഴിലെടുക്കുന്നത്. സ്ഥാപനത്തിലെ തൊഴിലാളികൾ എന്നതിനപ്പുറം തങ്ങളുടെ ജീവശ്വാസം പോലെയാണ് ഏഴ് പതിറ്റാണ്ട് പിന്നിട്ട ഈ സ്ഥാപനത്തെ അവർ കൊണ്ടുനടക്കുന്നതും.
കുമാരേട്ടനും ലക്ഷ്മണേട്ടനുമായിരുന്നു ഇതിനു മുമ്പത്തെ സാരഥികൾ. കിഴക്കഞ്ചേരി പഞ്ചായത്തിനു പുറമെ വടക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലാണ് കിഴക്കഞ്ചേരിയുടെ ഈ സ്വന്തം ജൈവ കോളയുടെ വില്പന മേഖല. ബോട്ടിലുകൾ കൂടുതൽ ആകർഷകമാക്കി കൂടുതൽ പ്രദേശങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കാനുള്ള പദ്ധതികൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി പുതിയ കെട്ടിടം നിർമിച്ച് നടപടികളും ദ്രുതഗതിയിൽ നടക്കുന്നുണ്ട്.