റോഡിൽ വാഴനട്ടും ശയനപ്രദക്ഷിണം നടത്തിയും കോൺഗ്രസ് പ്രതിഷേധം
1425447
Tuesday, May 28, 2024 1:49 AM IST
മലമ്പുഴ: പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലെ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുന്നിൽ വാട്ടർ അഥോറിറ്റി പൈപ്പിടാൻ കുഴിച്ച ചാൽമൂടി റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധം. മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴനട്ടും റോഡിൽ ശയനപ്രദക്ഷിണം നടത്തിയും റോഡ് ഉപരോധിച്ചുമായിരുന്നു പ്രതിഷേധ സമരം.
മലമ്പുഴ കാർപാർക്കിൽനിന്നും വാഴയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രം ഒട്ടിച്ച് വാഴയുമായി മുദ്രാവാക്യം വിളിയോടെയാണ് പാമ്പുവളർത്തൽ കേന്ദ്രത്തിനുമുന്നിലെ ചാലിൽ വാഴ നട്ടത്. ഇന്നലെ രാവിലെ എട്ടിനു ഇരുചക്രവാഹനത്തിലെത്തിയ സ്ത്രീ അപകടത്തിൽപ്പെടുകയുമുണ്ടായി.
ഇതിനു പിന്നാലെയാണ് സമരവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.
മലമ്പുഴ മണ്ഡലം പ്രസിഡന്റ് എ. ഷിജു അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട്, എം.സി. സജീവൻ, പഞ്ചായത്ത് മെംബർമാരായ എസ്. ഹേമലത, പി. ലീല, പ്രവർത്തകരായ കെ.കെ. വേലായുധൻ, ശിവദാസൻ, പി. നാച്ചിമുത്തു, വിദ്യാധരൻ, ജോഷി, സുരേന്ദ്രൻ, സി.ജെ. ജോർജ് എന്നിവർ നേതൃത്വം നൽകി.