ആരോഗ്യഭീഷണിയായി വടക്കഞ്ചേരി നഗരത്തിലെ മാലിന്യ തടാകം
1425452
Tuesday, May 28, 2024 1:49 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ ബസ് സ്റ്റാൻഡിനടുത്ത് പഞ്ചായത്ത് ഒരുക്കിയിട്ടുള്ള മാലിന്യ കുളം വ്യാപകമായ പകർച്ചവ്യാധിക്ക് കാരണമാകുമോ എന്ന ആശങ്കയിൽ ജനങ്ങൾ.
കെട്ടിട സമുച്ചയങ്ങൾക്കിടയിലാണ് ദുർഗന്ധം വമിക്കുന്ന മലിനജലം കെട്ടി നിൽക്കുന്നത്. മഴ പെയ്താൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള ഈ മലിനജലം സമീപത്തെ മറ്റു ഷോപ്പിംഗ് കോംപ്ലക്സുകൾക്കിടയിലൂടെ ഒഴുകി മെയിൻ റോഡിലെത്തും. ഈ വെള്ളത്തിലൂടെയാണ് നൂറുകണക്കിന് യാത്രക്കാർ ഇപ്പോൾ കടന്നു പോകുന്നത്.
ആരോഗ്യ വകുപ്പ് കണ്ടിട്ടും നടപടിയൊന്നും എടുക്കുന്നില്ല. പകർച്ചവ്യാധികളും മറ്റു ജലജന്യരോഗങ്ങളും പടരുമ്പോൾ നടപടിയെടുക്കാമെന്ന മട്ടിലാണ് ആരോഗ്യ വകുപ്പും.
ഒരു മിനി തടാകം പോലെയാണ് ഇവിടെ. മഴയില്ലെങ്കിൽ നിശ്ചിത ലെവലിൽ വെള്ളം കെട്ടി നിൽക്കും. കൊതുകും കൂത്താടിയും നിറഞ്ഞ് സന്ധ്യ മയങ്ങിയാൽ പ്രദേശത്തൊന്നും നിൽക്കാൻ കഴിയില്ല.
ഈ മാലിന്യ തടാകത്തിനോട് ചേർന്ന് തന്നെ ലക്ഷങ്ങളേറെ ചെലവഴിച്ച് പഞ്ചായത്ത് ഡ്രെയിനേജ് നിർമിച്ചിട്ടുണ്ട്.
എന്നാൽ ഇതിന് ഉയരം കൂടി. ഇതിനാൽ ഡ്രെയിനേജിലേക്ക് വെള്ളം കടക്കുന്നില്ല. ഡ്രെയിനേജിന് ദ്വാരങ്ങളുണ്ടാക്കി വെള്ളം ഒഴുക്കി വിടാനാകുമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ അതു ചെയ്യുന്നില്ല. സ്വയമേവ വെള്ളം ഒഴുകാമെന്ന് വച്ചാൽ തന്നെ അതിനും കഴിയില്ല. ഡ്രെയിനേജ് നാലുവശവും അടച്ചുപൂട്ടിയ നിലയിൽ മോഡൽ കാണിക്കാനെന്ന മട്ടിലാണ് നിർമിച്ചിട്ടുള്ളത്. ഇത്രയും മലിനമായ വെള്ളം ഡ്രെയിനേജിലൂടെ ഒഴുകിയാൽ ഡ്രെയിനേജ് പെട്ടെന്ന് കേടു വരുമെന്നാണ് മൂടിവെച്ചതിനു കാരണമായി പറയുന്നത്.
ഇതിനാൽ മലിനജലം കടകളിലൂടെ കയറിയാണ് ഇപ്പോൾ മെയിൻ റോഡിലെത്തുന്നത്. കക്കൂസ് മാലിന്യം കലർന്നിട്ടുള്ളതിനാൽ വെള്ളത്തിന് കറുത്ത നിറമാണ്. കടുത്ത ദുർഗന്ധവുമുണ്ട്. ഡ്രെയിനേജിന്റെ ഗ്യാരണ്ടി പിരീഡ് കഴിയുന്നതുവരെ വെള്ളമൊഴുക്കാതെ സൂക്ഷിക്കാനുള്ള തന്ത്രമാണ് അധികൃതരും നടത്തുന്നതത്രെ.