അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു
1431021
Sunday, June 23, 2024 6:12 AM IST
കോയന്പത്തൂർ: കോട്ടക്കൽ ആര്യവൈദ്യശാല കോയമ്പത്തൂർ ബ്രാഞ്ചും വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂർ പ്രൊവിൻസ് വുമൺ ഫോറവും ചേർന്ന് സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.
സ്ത്രീകളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന് യോഗയ്ക്ക് വലിയ പങ്ക് വഹിക്കാനാവുമെന്ന് കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി. മാധവൻകുട്ടി വാരിയർ അഭിപ്രായപ്പെട്ടു.
'സ്ത്രീ ശാക്തീകരണത്തിൽ യോഗയുടെ പങ്ക്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് കാർത്തിക് കർവ്സ് ആന്റ് ക്രഞ്ചസ് ചീഫ് ഇൻസ്ട്രക്ടർ അക്ഷയ അന്തർജനം നയിച്ച യോഗ ക്ലാസിൽ നേരിട്ടും രാജ്യത്തിന് അകത്തും പുറത്തുമായി ഓൺലൈനിലും നൂറോളം പേർ പങ്കെടുത്തു.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കോയമ്പത്തൂർ ബ്രാഞ്ച് മാനേജർ ഡോ.വത്സല വാരിയർ, അസിസ്റ്റന്റ് മാനേജർ ടി.വി. ബൈജു, വേൾഡ് മലയാളി കൗൺസിൽ ഇന്ത്യാ റീജിയൺ വനിതാ വിഭാഗം സെക്രട്ടറി സന്ധ്യാ മേനോൻ, കോയമ്പത്തൂർ പ്രൊവിൻസ് വനിതാ വിഭാഗം പ്രസിഡന്റ് ഡോ.ജയന്തി പ്രദീപ്, ജനറൽ സെക്രട്ടറി വിജയൻ ചെറുവശ്ശേരി, വൈസ് ചെയർമാൻ രാജൻ അറുമുഖം എന്നിവർ പ്രസംഗിച്ചു.