അപകടം ഒളിഞ്ഞിരിക്കുന്ന 55-ാം മൈൽ
1431037
Sunday, June 23, 2024 6:12 AM IST
മണ്ണാർക്കാട്: കൊടുംവളവും കയറ്റവും. എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയുകയില്ല. കണ്ടാൽ തന്നെ ഡ്രൈവർമാർ പെട്ടെന്ന് ഒന്ന് പകച്ചു പോകും. ഇത് അപകടത്തിന് വഴിയൊരുക്കുന്നു. ഈ റോഡിലൂടെ കടന്നു പോകുന്നതാകട്ടെ ആയിരകണക്കിന് വാഹനങ്ങളും. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ നാട്ടുകൽ 55 ാം മൈൽ ഭാഗത്തെ അവസ്ഥയാണിത്. ദിനംപ്രതി ഒന്നിലധികം അപകടങ്ങളാണ് ഈ മേഖലയിൽ നടക്കുന്നത്.
പോലീസിന്റേയോ റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെയോ യാതൊരുവിധ നിയന്ത്രണങ്ങളോ മുന്നറിയിപ്പുകളോ ഇവിടെ ഇല്ല. ഈ ഭാഗത്ത് നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുകയും യാത്രക്കാരുടെ ജീവൻ പൊലിയുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പത്തോളം അപകടങ്ങളാണ് ഈ മേഖലയിൽ നടന്നത്. പ്രദേശത്ത് ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
വളരെ തിരക്കേറിയ പാതകളിൽ ഒന്നാണ് മണ്ണാർക്കാട് -പെരിന്തൽമണ്ണ റോഡ്. റോഡ് നിർമാണം പൂർത്തിയായതോടെ കൂടുതൽ വേഗതയിലാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. ഇത് നിയന്ത്രണങ്ങൾ നഷ്ടപ്പെടുന്നതിന് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. 55 ാം മൈൽ ഭാഗത്ത് കൂടുതൽ അപകട മുന്നറിയിപ്പ് ബോർഡുകളും ഡിവൈഡറുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.