കണ്ടമംഗലത്തു കാട്ടുപന്നിശല്യം
1431039
Sunday, June 23, 2024 6:12 AM IST
മണ്ണാർക്കാട്: കാട്ടാന ആക്രമണത്തിന് പുറമേ കാട്ടുപന്നി ശല്യം കൂടി വർധിച്ചതോടെ കണ്ടമംഗലം, മേക്കളപാറ, കൊടുവാളിപ്പുറം ഭാഗത്തെ ജനങ്ങൾ ബുദ്ധിമുട്ടിലാകുന്നു. കണ്ടമംഗലത്തും പരിസര പ്രദേശങ്ങളിലും കൂട്ടമായി എത്തുന്ന കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. വനയോര പ്രദേശമായ കണ്ടമംഗലത്ത് പട്ടാപ്പകൽ കാട്ടുപന്നികൾ നാട്ടിലിറങ്ങി വിളകൾ നശിപ്പിക്കുന്നു.
കിഴങ്ങുവർഗത്തിൽപെട്ട കൃഷി കാട്ടുപന്നികൾ നശിപ്പിക്കുന്നതോടെ ഇത്തരം വിളകൾ നാട്ടിൽ കിട്ടാക്കനിയാണ്. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനയാത്രക്കാർക്ക് ഭീഷണിയായി കാട്ടുപന്നി കൂട്ടങ്ങൾ മാറിയിരിക്കുന്നു. പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. വാഹനത്തിൽ പന്നിയിടിച്ചുള്ള അപകടങ്ങൾ പതിവാണ്. ഇതിന് ശാശ്വതമായ പരിഹാരം ആവശ്യമാണ്. കാട്ടുപന്നികളെ പല ഭാഗങ്ങളിലും വെടിവെച്ചു കൊല്ലുന്നുണ്ട് എങ്കിലും ഈ മേഖലയിൽ അത്തരം പ്രവർത്തനങ്ങൾ ഒന്നും നടത്തിയിട്ടില്ല.
ഇതുമൂലം പ്രദേശവാസികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ബൈക്ക്, ഓട്ടോ യാത്രക്കാർക്കാണ് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുന്നത്. കാട്ടുപന്നികളെ പിടികൂടുന്ന നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഈ മേഖലക്ക് പുറമേ തെങ്കര പഞ്ചായത്തിലെ മെഴുകുംപാറ, മേലാമുറി, കൈതച്ചിറ, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മുണ്ടക്കുന്ന്, ആനമൂളി ഭാഗങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്.