ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കിട്ടി
1436426
Monday, July 15, 2024 11:25 PM IST
കല്ലടിക്കോട്: വട്ടപ്പാറ ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി. കാണാതായ സ്ഥലത്തിനു സമീപമുള്ള കുഴിക്കു സമീപമാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. മണ്ണാർക്കാട് ശിവൻകുന്ന് ശിവഭവനത്തിൽ മണികണ്ഠന്റെ മകൻ വിജയ്(21) ആണ് മരിച്ചത്.
അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്നുനടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. ഞായറാഴ്ച ഉച്ചയോടെയാണ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം വിജയ് വട്ടപ്പാറയിൽ എത്തിയത്. സെൽഫി എടുക്കാനായി പുഴയുടെ അടുത്തേക്കു പോയതാണ്. കാൽ തെന്നി വെള്ളത്തിൽ അകപ്പെട്ടുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്.
ഞായറാഴ്ച രാത്രി വൈകി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതികൂലകാലാവസ്ഥ മൂലം തെരച്ചിൽ പിന്നീടു നിർത്തിവയ്ക്കുകയായിരുന്നു. മണ്ണാർക്കാടുനിന്നുള്ള അഗ്നിശമനസേനയും കല്ലടിക്കോട് പോലീസും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും തെരച്ചിലിനു നേതൃത്വം നൽകി.
വിജയ്യുടെ മാതാവ്: സംഗീത. സഹോദരങ്ങൾ: വിഷ്ണുപ്രിയ, വിദ്യ.