മഴയുടെ ശക്തി കൂടി; മംഗലംഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
1436501
Tuesday, July 16, 2024 1:23 AM IST
മംഗലംഡാം: മഴ ശക്തമായതിനെ തുടർന്ന് മംഗലം ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടുതൽ ഉയർത്തി. നാല്, അഞ്ച്, ആറ് ഷട്ടറുകൾ 25 സെന്റീമീറ്ററിലും ഒന്ന് രണ്ട് മൂന്ന് ഷട്ടറുകൾ 20 സെന്റീമീറ്ററിലുമാണ് ഉയർത്തിയിട്ടുള്ളത്. പരമാവധി സംഭരണശേഷിക്കടുത്ത് 76.7 മീറ്ററിൽ ജലനിരപ്പ് ക്രമീകരിച്ചാണ് വെള്ളം പുഴയിലേക്ക് വിടുന്നത്.
ഡാമിൽനിന്നും കൂടുതൽ വെള്ളം തുറന്നുവിടുന്നതിനാൽ മംഗലം പുഴ കവിഞ്ഞൊഴുകുകയാണ്. പാലക്കുഴി വെള്ളച്ചാട്ടത്തിൽനിന്നുള്ള വെള്ളവും കരിപ്പാലി പുഴയിൽനിന്നുള്ള വെള്ളവും ഇതിനൊപ്പം ഒഴുകുന്നുണ്ട്. കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം, തളികക്കല്ല്, പോത്തൻതോട് എന്നിവിടങ്ങളിൽ നിന്നുള്ള കാട്ടുചോലകൾ സംഗമിച്ച് എത്തുന്ന കടപ്പാറ തോട്ടിലും ശക്തമായ ഒഴുക്കാണ്. ഈ വെള്ളം മുഴുവൻ രണ്ടാംപുഴ വഴി മംഗലംഡാമിലാണ് എത്തുന്നത്.
ചൂരുപാറ, ഓടംതോട് ഭാഗത്തുനിന്നും ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നുണ്ട്. മലയോരങ്ങളിൽ ഉറവകൾ രൂപപ്പെട്ടിട്ടുള്ളതിനാൽ കൂടുതൽ മഴ ഉരുൾപൊട്ടലിനും മറ്റു നാശനഷ്ടങ്ങൾക്കും വഴിവയ്ക്കുമെന്ന ആശങ്കയും മലമ്പ്രദേശത്തുണ്ട്.