അകത്തേത്തറ നടക്കാവ്് മേൽപ്പാല നിർമാണം ഉടൻ പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ
1436506
Tuesday, July 16, 2024 1:23 AM IST
പാലക്കാട്: അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാല നിർമാണവും സർവീസ് റോഡുകളുടെ നിർമാണവും അനിശ്ചിതമായി നീണ്ടുപോകുന്നതു കാരണം സഞ്ചാരസ്വാതന്ത്ര്യം തടസപ്പെട്ട സാഹചര്യത്തിൽ കാലതാമസം കൂടാതെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്ടിംഗ് ചെയർ പേഴ്സണും ജൂഡീഷൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്.
മഴയത്തു റോഡും ചാലും തിരിച്ചറിയാൻ കഴിയാത്തതരത്തിൽ ചെളിക്കുളമായെന്ന പരാതി ശരിയാണെന്ന് കമ്മീഷൻ വിലയിരുത്തി. 2017 ലാണ് മേൽപ്പാലത്തിന്റെ ശിലാസ്ഥാപനം നടന്നത്.
റെയിൽവേഗേറ്റ് അടച്ചിടുന്നത് കാരണം യഥാസമയം ആശുപത്രിയിൽ എത്താൻ കഴിയാതെ ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ജില്ലാ കളക്ടറും ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറും കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു.
റെയിൽവേ മേൽപ്പാല നിർമാണത്തിനായി മുഴുവൻ ഭൂമിയും ഏറ്റെടുത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് 2020 ജൂലൈ 17 ന് കൈമാറിയതായി ജില്ലാ കളക്ടർ അറിയിച്ചു.
2021 ഒക്ടോബർ 20 ന് നിർമാണ പ്രവർത്തനം തുടങ്ങി. അകത്തേത്തറ റെയിൽവേ മേൽപ്പാലത്തിന് റെയിൽവേ ഭാഗം ഒഴികെയുള്ള സ്ഥലത്ത് 64 പൈലുകളും 14 പൈൻ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
ബാക്കിവരുന്ന റീട്ടെയിനിംഗ് വാളിന്റെയും സർവീസ് റോഡിന്റെയും പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. അകത്തേത്തറ മേൽപ്പാലത്തിന്റെ മൂന്നു സ്പാനുകൾ റെയിൽവേ നേരിട്ടാണ് നിർമിക്കുന്നത്.
നിർമാണ ജോലികൾക്കായി റെയിൽവേക്ക് 11.82 കോടി 2022 സെപ്റ്റംബർ 6ന് കൈമാറി. റെയിൽവേ കരാറുകാരന് വർക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിന്റെ നിർമാണം റെയിൽവേ ആരംഭിച്ചിട്ടുണ്ട്.
സർവീസ് റോഡ്, റീട്ടെയിനിംഗ് വാൾ, ഡ്രൈനേജ് എന്നിവയുടെ പ്രവൃത്തി നടക്കുന്നതിനാൽ റെയിൽവേ മേൽപ്പാലത്തിന്റെ മലന്പുഴ ഭാഗത്ത് ചെളി രൂപപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകനായ റെയ്മന്റ്് ആന്റണി സമർപ്പിച്ച പരാതിയിലാണ് നടപടി.